rahul-gandhiന്യൂദല്‍ഹി: കര്‍ഷക പ്രതിഷേധം രൂക്ഷമായ നോയ്ഡയിലെ ഭട്ട പര്‍സോള്‍ ഗ്രാമത്തില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി മിന്നല്‍ സന്ദര്‍ശനം നടത്തി. കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ള പ്രദേശത്ത് പോലീസിന്റെ കണ്ണുവെട്ടിച്ചാണ് രാഹുല്‍ എത്തിയത്.

സുരക്ഷാസേനയുടെ കണ്ണില്‍പ്പെടാതെ ബൈക്കിലാണ് രാഹുല്‍ സ്ഥലതെത്തിച്ചേര്‍ന്നത്. പ്രദേശത്ത് കഴിഞ്ഞദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ മാറ്റുന്ന സമയത്താണ് രാഹുല്‍ എത്തിയത്. തുടര്‍ന്ന് കര്‍ഷകരുമായി ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പുനല്‍കി മടങ്ങുകയുമായിരുന്നു.

സ്ഥലത്ത് പ്രവേശിക്കാന്‍ ശ്രമിച്ച പ്രമുഖ നേതാക്കളെയെല്ലാം കഴിഞ്ഞദിവസങ്ങളില്‍ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ബി.ജെ.പി നേതാവ് രാജ്‌നാഥ് സിംഗ് അടക്കമുള്ള നേതാക്കളെ പ്രദേശത്ത് പ്രവേശിക്കുന്നതില്‍ നിന്നും പോലീസ് തടഞ്ഞിരുന്നു. അതിനിടെ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഒരു ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്.