എഡിറ്റര്‍
എഡിറ്റര്‍
ഗുജറാത്ത് കലാപത്തില്‍ മോഡിയെ കുറ്റവിമുക്തനാക്കിയത് രാഷ്ട്രീയലക്ഷ്യത്തോടെ: രാഹുല്‍ ഗാന്ധി
എഡിറ്റര്‍
Sunday 16th March 2014 6:24pm

rahul-g

ന്യൂദല്‍ഹി: ഗുജറാത്ത് കലാപത്തില്‍ ബിജെപിയുടെ പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയെ കുറ്റവിമുക്തനാക്കിയ നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ഗുജറാത്ത് കലാപത്തില്‍ മോഡിയുടെ പങ്ക് സംബന്ധിച്ച സംശയങ്ങള്‍ ഇപ്പോഴും ബാക്കിയാണെന്നും പി.ടി.ഐ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.പി.എ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരും. 2009ല്‍ ഉണ്ടായ വിജയത്തെക്കാള്‍ മികച്ച വിജയമായിരിക്കും ഇത്തവണ തങ്ങള്‍ നേരിടുക.

വെല്ലുവിളികള്‍ നിറഞ്ഞ തിരഞ്ഞെടുപ്പാണ് നേരിടുന്നത്. എന്നാല്‍ അതില്‍ വിജയിക്കുക തന്നെ ചെയ്യും. അതേസമയം എത്ര സീറ്റ് ലഭിക്കുമെന്ന് ചോദിച്ചപ്പോള്‍ താന്‍ ഭാവി പ്രവചിക്കുന്ന ആളല്ലെന്നായിരുന്നു രാഹുലിന്റെ മറുപടി.

അഭിപ്രായ സര്‍വേകളെല്ലാം തമാശയാണെന്നും രാഹുല്‍ പറഞ്ഞു. 2004ലും 2009ലും കോണ്‍ഗ്രസ് തോല്‍ക്കുമെന്നാണ് പ്രവചിച്ചതെങ്കിലും ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് വിജയിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

വര്‍ഗീയ ശക്തികള്‍ക്കെതിരെ യുപിഎ പോരാടുമെന്നും വര്‍ഗീയശക്തികള്‍ അധികാരത്തില്‍ എത്തുന്നത് തടയാന്‍ കോണ്‍ഗ്രസിന്റെ ആശയങ്ങളുമായി പൊരുത്തപ്പെട്ട് പോകുന്നവരുമായി സഖ്യം രൂപീകരിക്കാന്‍ പാര്‍ട്ടി തയ്യാറാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Advertisement