പൂനെ: പൂനെയില്‍ കര്‍ഷകര്‍ക്കുനേരെ പോലീസ് നടത്തിയ വെടിവെയ്പ് നിര്‍ഭാഗ്യകരമായെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. കഴിഞ്ഞയാഴ്ച പോലീസ് നടത്തിയ നാടകീയ വെടിവെയ്പില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു അദ്ദേഹം. പോലീസ് നടത്തിയ വെടിവെയ്പ് തെറ്റായിപ്പോയെന്നും ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റ് മേവാല്‍ താലൂക്ക് ആശുപത്രിയില്‍ കഴിയുന്നവരെയും അദ്ദേഹം സന്ദര്‍ശിച്ചു. പരിക്കേറ്റവര്‍ക്കും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും സാധ്യമായ സഹായം നല്‍കാന്‍ ശ്രമിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം അതീവരഹസ്യമായിട്ടായിരുന്നു. മാധ്യമങ്ങള്‍ക്ക യാതൊരു തരത്തിലുമുള്ള സൂചന നല്‍കാതെയാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്. അതേസമയം രാഹുലിന്റെ സന്ദര്‍ശനത്തില്‍ ചില ഗ്രാമവാസികള്‍ അതൃപ്തി പ്രകടിപ്പിച്ചു. മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായതുകൊണ്ടാണ് രാഹുല്‍ സന്ദര്‍ശനം നടത്തിയതെന്നായിരുന്നു അവരുടെ വാദം.

ഈ മാസം 6 നാണ് പൂനെയില്‍ കര്‍ഷകര്‍ക്കുനേരെ പോലീസ് വെടിവെയ്പുണ്ടായത്. പവന അണക്കെട്ടിലെ വെള്ളം വഴിതിരിച്ചുവിടാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തിയ പ്രകടനമാണ് ഏറ്റുമുട്ടലിലേക്കും തുടര്‍ന്ന് വെടിവെയ്പിലേക്കും വഴിതെളിച്ചത്. പവനാനദിയിലെ ജലം തൊട്ടടുത്തുള്ള വ്യവസായനഗരത്തിലേക്ക് എത്തിക്കുന്നതിനായി കനാല്‍ ഉണ്ടാക്കാന്‍ കൃഷിസ്ഥലം ഏറ്റെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ സമരം നടത്തിയിരുന്നത്. സമരത്തെ അവഗണിച്ചുകൊണ്ട് സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കാനൊരുങ്ങിയതോടെയാണ് ദേശീയപാതയും എക്‌സ്പ്രസ്‌വേയും ഉപരോധിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചതെന്ന് ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന നേതാവ് ബാലാ സാഹേബ് പിംഗ്ലെ വ്യക്തമാക്കിയിരുന്നു. പോലീസ് ലാത്തിച്ചാര്‍ജ് തുടങ്ങിയതോടെയാണ് സമരം കൂടുതല്‍ അക്രമാസക്തമായത്.

ഇതിനിടെ വെടിവെയ്പുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രശ്‌നം കൂടുതല്‍ രൂക്ഷമായിരുന്നു. നിരായുധരായ കര്‍ഷകരെ ലക്ഷ്യമിട്ട് പോലീസ് വെടിവെക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്.