ലക്‌നോ: രാഹുല്‍ ഗാന്ധിയുടെ കാണ്‍പൂര്‍ റോഡ് ഷോ വിവാദത്തില്‍. അധികൃതര്‍ അനുവദിച്ച സ്ഥലത്തിനും മുന്‍പ് രാഹുലിന്റെ റോഡ് ഷോ ആരംഭിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

കാണ്‍പൂരിലെ സര്‍ക്യൂട്ട് ഹൗസില്‍ നിന്നും റോഡ് ഷോ തുടങ്ങാനാണ് രാഹുലിന് അനുമതിയുണ്ടായിരുന്നത്.  എന്നാല്‍ വിമാനത്താവളത്തില്‍ നിന്നുതന്നെ ഗംഭീരസ്വീകരണത്തിന്റെ അകമ്പടിയോടെയായിരുന്നു രാഹുലിന്റെ യാത്ര.

വിഷയത്തില്‍ കാണ്‍പൂര്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ഹരി ഓം പറഞ്ഞത് ഇങ്ങനെയാണ് ‘രാഹുല്‍ ഗാന്ധിക്ക് ആകെ 20 കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോയ്ക്കായി അനുവദിച്ചത്. കാണ്‍പൂരിലെ സര്‍ക്യൂട്ട് ഹൗസില്‍ നിന്നും തുടങ്ങാനാണ് പറഞ്ഞിരുന്നത്. എന്നാല്‍ രാഹുല്‍ എയര്‍പോര്‍ട്ട റോഡില്‍ നിന്നും റോഡ് ഷോയ്ക്ക്് തുടക്കം കുറിച്ചു. മോഡല്‍ കോഡ് ഓഫ് കണ്‍ടക്ട് പ്രകാരം ഇത് കുറ്റമാണ്.

ഇതിന്റെ പേരില്‍ രാഹുലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യും. സെക്ഷന്‍ 144ാം വകുപ്പു പ്രകാരവും അദ്ദേഹത്തിനെതിരെ കേസ് എടുക്കാം. വളരെയേറെ ഗതാഗതക്കുരുക്കുള്ള സ്ഥലങ്ങളാണ് എയര്‍പോര്‍ട്ട് റോഡ്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് സര്‍ക്യൂട്ട് ഹൗസ് റോഡ് അനുവദിച്ചത്. പക്ഷേ അദ്ദേഹം അത് തെറ്റിച്ചു. കോണ്‍ഗ്രസിന്റെ റാലി കടന്നു പോയതുകാരണം അവിടെ വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടായത്’. -അദ്ദേഹം പറഞ്ഞു.

രാഹുലിന്റെ പ്രവര്‍ത്തി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും നഗരത്തില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞയും ലംഘിക്കപ്പെട്ടതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

Malayalam News

Kerala News In English