കോഴിക്കോട്: പ്രമാദമായ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ നടത്തിയ ആരോപണങ്ങളിന്മേല്‍ മജിസ്‌ട്രേറ്റിന് മുന്‍പാകെ റഊഫ് നല്‍കിയ മൊഴി പുറത്തു വന്നു. ഐസ്‌ക്രീം കേസില്‍ ഇരകളായ പെണ്‍കുട്ടികള്‍ക്ക് കേസ് ഒതുക്കാന്‍ കുഞ്ഞാലിക്കുട്ടി പണം വാഗ്ദാനം നല്‍കിയ കാര്യം റഊഫ് മൊഴിയില്‍ ആവര്‍ത്തിക്കുന്നുണ്ട്. അഞ്ചു മാസങ്ങള്‍ക്ക് മുന്‍പ് നല്‍കിയ മൊഴിയുടെ പകര്‍പ്പ് ഒരു സ്വകാര്യ ചാനലാണ് പുറത്തു വിട്ടത്.

ജസ്റ്റിസ് നാരായണക്കുറുപ്പിന് ഒരു കോടി രൂപ വരെ വാഗ്ദാനം ചെയ്തു. എന്നാല്‍ അദ്ദേഹത്തിന്റെ മരുമകന്‍ ആവശ്യപ്പെട്ടത് 5 ലക്ഷം രൂപ മാത്രമാണ്. ജഡ്ജിമാര്‍ക്കും മുന്‍ അഡ്വക്കറ്റ് ജനറല്‍ എം.കെ.ദാമോദരനും പണം നല്‍കിയെന്നും റഊഫ് നല്‍കിയ മൊഴിയിലുണ്ട്. എം.കെ.ദാമോദരന് 32.5 ലക്ഷം രൂപ നല്‍കി. കോതമംഗലം പെണ്‍വാണിഭക്കേസില്‍ ഇരയായ പെണ്‍കുട്ടിക്ക് 15 ലക്ഷം രൂപ നല്‍കി കേസ് ഒതുക്കി.

കോടതി മാറുന്നതിനനുകൂലമായി ജസ്റ്റിസ് തങ്കപ്പന്റേതായി വന്ന വിധി തയ്യാറാക്കിയത് പുറത്ത് നിന്നാണ്. അഡ്വ.അനില്‍ തോമസാണ് തങ്കപ്പന്റെ വിധി തയ്യാറാക്കിയതെന്നും റഊഫിന്റെ മൊഴിയിലുണ്ട്.

കേസിലെ ഒരു പ്രതിയായ താന്‍ നല്‍കുന്ന മൊഴിയുടെ എല്ലാവിധ പ്രത്യാഘാതങ്ങളും നേരിടാന്‍ തയ്യാറാണെന്നും ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ല മൊഴി നല്‍കുന്നതെന്നും റഊഫ് പറഞ്ഞതായി പുറത്തു വന്ന മൊഴിയുടെ പകര്‍പ്പ് കാണിക്കുന്നു.