തിരുവനന്തപുരം: സി.പി.ഐ ദേശീയകൗണ്‍സില്‍ അംഗം അഡ്വ.എം റഹ്മത്തുള്ളയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഇന്ന് രാവിലെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളില്‍ നിന്നും ലീഗ് അംഗത്വം സ്വീകരിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ പുറത്താക്കിയത്.

നേരത്തേ ഏറനാട് മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ പരാജയവുമായി ബന്ധപ്പെട്ട് റഹ്മത്തുള്ളയോട് പാര്‍ട്ടി റിപ്പോര്‍ട്ട് തേടിയിരുന്നു. റഹ്മത്തുള്ളക്കെതിരേ കടുത്ത നടപടിയെടുക്കുമെന്നും സൂചനയുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹം ലീഗിലേക്ക് മാറിയത്.

ഏറനാട് പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വെറും 2700 വോട്ട് മാത്രമായിരുന്നു കിട്ടിയത്. ഇവിടെ സ്വതന്ത്രനായിരുന്നു രണ്ടാംസ്ഥാനത്ത് എത്തിയത്. സി.പി.ഐയിലെ പലരും സ്വതന്ത്രനുവേണ്ടി വോട്ടുപിടിക്കാന്‍ രംഗത്തുണ്ടായിരുന്നു. വിഷയം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന സി.പി.ഐയുടെ സംസ്ഥാനകൗണ്‍സില്‍ യോഗത്തില്‍ റഹ്മത്തുള്ളയെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അതിനിടെ റഹ്മത്തുള്ളയുടേത് വഞ്ചനാപരമായ നിലപാടാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പന്‍ പറഞ്ഞു. റഹ്മത്തുള്ളയുടേത് വഞ്ചനാപരമായ നിലപാടാണെന്നും അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്നും ചന്ദ്രപ്പന്‍ വ്യക്തമാക്കി.