എഡിറ്റര്‍
എഡിറ്റര്‍
അഹമ്മദ് സാഹിബ് പാര്‍ലമെന്റില്‍ വച്ച് തന്നെ മരിച്ചിരുന്നു: വെളിപ്പെടുത്തലുകളുമായി മാധ്യമപ്രവര്‍ത്തകന്‍
എഡിറ്റര്‍
Wednesday 1st February 2017 9:40pm

rasheedudheen


ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇ. അഹമ്മദിനെ കാണാന്‍ മക്കളെ വരെ അനുവദിക്കാതിരുന്ന ആശുപത്രി അധികൃതരുടെ നടപടി വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. മരണ വാര്‍ത്ത പുറത്തറിയാതിരിക്കാനുള്ള സര്‍ക്കാരിന്റെ നിര്‍ദേശമാണ് ഇതിന് പിന്നിലെന്നും ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് റഷീദുദിന്റെ പോസ്റ്റ്.


ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ കുഴഞ്ഞ് വീണ ഇ അഹമ്മദ് സംഭവ സ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടിരുന്നെന്നു പാര്‍ലമെന്റ് റിപ്പോര്‍ട്ടിങ്ങിനെത്തിയ മാധ്യമ പ്രവര്‍ത്തകന്‍. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വച്ചു തന്നെ ഇ അഹമ്മദ് മരിച്ചിരുന്നെന്ന് മാധ്യമ പ്രവര്‍ത്തകനായ റഷീദുദീന്‍ അല്‍പ്പറ്റയാണ് ഫേസ്ബുക്കിലൂടെ പറഞ്ഞത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇ. അഹമ്മദിനെ കാണാന്‍ മക്കളെ വരെ അനുവദിക്കാതിരുന്ന ആശുപത്രി അധികൃതരുടെ നടപടി വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. മരണ വാര്‍ത്ത പുറത്തറിയാതിരിക്കാനുള്ള സര്‍ക്കാരിന്റെ നിര്‍ദേശമാണ് ഇതിന് പിന്നിലെന്നും ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് റഷീദുദിന്റെ പോസ്റ്റ്.


Also read ബജറ്റ് തടസപ്പെടാതിരിക്കാന്‍ പിതാവിനെ കാണാനുള്ള മക്കളുടെ അവകാശം പോലും നിഷേധിച്ചു: ഒരു ഏകാധിപതിക്ക് ജനാധിപത്യത്തോടുള്ള പുച്ഛമാണിത്: പി.കെ ഫിറോസ്


അല്‍പ്പം വൈകിയെങ്കിലും പറായതിരിക്കാന്‍ കഴിയില്ല എന്നു പറഞ്ഞു തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ അഹമ്മദ് സാഹിബ് കുഴഞ്ഞു വീണപ്പോള്‍ അടുത്തെത്തിയ കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന ഒരു നേതാവ് അപ്പോള്‍ തന്നെ മരണം സംഭവിച്ചിരുന്നെന്ന് പറഞ്ഞിരുന്നെന്നാണ് റഷീദുദിന്‍ പറയുന്നത്. അടുത്തെത്തിയ കേന്ദ്ര സഹമന്ത്രി ഡോക്ടറായിട്ട് പോലും സത്യം മറച്ചുവെച്ചെന്നും റഷീദുദിന്‍ ആരോപിക്കുന്നു.

ഇതേ മന്ത്രി തന്നെയാണ് കൃത്രിമ ശ്വാസം നല്‍കാന്‍ നിര്‍ദേശിച്ചതെന്നും മറ്റുള്ളവരെ സ്ഥലത്ത് നിന്ന് മാറ്റിയതെന്നും പറഞ്ഞ മാധ്യമപ്രവര്‍ത്തകന്‍ ഇയള്‍ തന്നെയാണ് എര്‍.എം.എല്‍ ആശുപത്രിയിലെത്തി ഡോക്ടര്‍മാര്‍ക്കും ഇതേ നിര്‍ദേശം നല്‍കിയതെന്നും കൂട്ടിച്ചേര്‍ത്തു. ഇന്നലെ തന്നെ മരണ വാര്‍ത്ത പ്രഖ്യാപിച്ചിരുന്നെങ്കില്‍ എന്താണ് കുഴപ്പമെന്നും രാഷ്ട്രീയം മനുഷ്യനെ ഇത്രയും തരം താഴ്ത്തുമോ എന്നും ചോദിക്കുന്ന റഷീദുദിന്‍ മരണവാര്‍ത്ത പ്രഖ്യാപിക്കുന്നതിന് സര്‍ക്കാരിന്റെ തടസ്സം എന്താണെന്നു ചോദിച്ച് കൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
ബജറ്റിന്റെ തിരക്കില്‍ പെട്ടുപോയതു കൊണ്ട് ഈ കുറിപ്പ് അല്‍പ്പം വൈകി. എങ്കിലും ഇത് പറയാതെ വയ്യ. ഞാന്‍ മനസ്സിലാക്കിയിടത്തോളം ഇ അഹമ്മദ് സാഹിബ് ഇന്നലെ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ആണ് അന്തരിച്ചത്. അദ്ദേഹം കുഴഞ്ഞു വീണ ഉടനെ അടുത്തെത്തിയ കോണ്ഗ്രസ്സിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍ പറഞ്ഞത് അപ്പോള്‍ തന്നെ മരണം സംഭവിച്ചിരുന്നു എന്നാണു. സ്വന്തം പാര്‍ട്ടിക്കാര്‍ക്കും ഈ സത്യം അറിയാതിരിക്കില്ല എന്നാണു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നത്. അവരില്‍ പലരും ഇന്നലെ ഫോണ്‍ എടുക്കുന്നുണ്ടായിരുന്നില്ല. സാഹിബ് വീണതിനു ശേഷം സീറ്റിലേക്കെത്തെത്തിയ കേന്ദ്ര സഹമന്ത്രി ഒരു ഡോക്ടര്‍ ആയിരുന്നിട്ടു പോലും ഈ യാഥാര്‍ത്ഥ്യം മറച്ചു വെച്ച് കൃതിമ ശ്വാസം നല്‍കാന്‍ നിര്‍ദേശിക്കുകയും മറ്റുള്ളവരെ സ്ഥലത്ത് നിന്നും മാറ്റി നിര്‍ത്തുകയും ആയിരുന്നു. പിന്നീട് ആര്‍.എം.എല്‍ ആശുപത്രിയില്‍ എത്തി ഇതേ നിര്‍ദേശം അവിടത്തെ ഡോക്ടര്‍മാര്‍ക്ക് ഈ മന്ത്രി നല്‍കുകയും ചെയ്തു. മരിച്ച വ്യക്തിയെ വെന്റിലേറ്ററിലേക്ക് നീക്കിയതു ഇങ്ങനെയാണത്രേ. രാഷ്ട്രീയം മനുഷ്യനെ ഇത്രയും തരം താഴ്ത്തുമോ ആവൊ? ഇന്നലെ തന്നെ അത് പ്രഖ്യാപിച്ചിരുന്നു എങ്കില്‍ എന്തായിരുന്നു ഈ സര്‍ക്കാരിന്റെ തടസ്സം?

Advertisement