മാനന്തവാടി: റാഗിങ്ങിന്റെ പേരില്‍ മലയാളി വിദ്യാര്‍ഥിക്ക് കര്‍ണ്ണാടകയില്‍ ക്രൂരപീഡനം. തുംകൂറിലെ ശ്രീ സിദ്ധാര്‍ത്ഥ ഇന്‍സ്റ്റിറ്റിയൂട്ട്  കോളജിലെ ഒന്നാം വര്‍ഷ  ബിസിനസ് മാനേജ്‌മെന്റ വിദ്യാര്‍ത്ഥിയായ വയനാട് വെള്ളമുണ്ട സ്വദേശി മുഹമ്മദ് റാഫിയാണ് ക്രൂരപീഡനത്തിന് ഇരയായത്.

Ads By Google

കോളജിലെ തന്നെ മലയാളികളായ മുതിര്‍ന്ന വിദ്യാര്‍ഥികളാണ് മുഹമ്മദ് റാഫിയെ ക്രൂര പീഡനത്തിന് ഇരയാക്കിയത്.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. സീനിയര്‍ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ പങ്കെടുക്കാഞ്ഞതിന്റെ പേരിലായിരുന്നു പീഡനം.

തന്നെ ഉപദ്രവിച്ചവര്‍ മലയാളി വിദ്യാര്‍ഥികളാണെന്നും ഇവരില്‍ രണ്ടു  പേര്‍ കോഴിക്കോട്ടുകാരാണെന്നും മുഹമ്മദ് റാഫി പറഞ്ഞു. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് റാഫി ഇപ്പോള്‍.

തന്നെ ക്രൂരമായി് മര്‍ദ്ദിച്ചശേഷം തല തിളച്ച കഞ്ഞിവെള്ളത്തില്‍ മുക്കി പൊള്ളിക്കുകയും ചെയ്തു. ഇത് പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നും തന്റെ പഠനം മുടക്കുമെന്നും അവര്‍ ഭീഷണിപ്പെടുത്തിയിരുന്നു.

എന്നാല്‍ മാനന്തവാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും പോലീസ് തന്റെ മൊഴിയെടുക്കാന്‍ ഇതുവരെ എത്തിയിട്ടില്ലെന്നും മുഹമ്മദ് റാഫി പറഞ്ഞു. അക്രമം നടന്നത് തുംകൂറിലായതിനാല്‍ തന്നെ അവിടുത്തെ പോലീസാണ് നടപടി സ്വീകരിക്കേണ്ടതെന്നാണ് പോലീസ് പറയുന്നത്.