raguveer-yadavമുംബൈ: ജനങ്ങളെ ഏറെ സ്വാധീനിച്ച യഥാര്‍ത്ഥ സംഭവങ്ങള്‍ക്ക് സിനിമാ രൂപം നല്‍കാന്‍ അടുത്തിടെയായി ബോളിവുഡ് ഏറെ ശ്രദ്ധിക്കാറുണ്ട്. മുംബൈ ആക്രമണം, കോര്‍പ്പറേറ്റ് ഇടനിലക്കാരി നീരാ റാഡിയയുടെ ജീവിതം, എന്നിവയൊക്കെ അഭ്രപാളിയിലെത്തിക്കാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. ഇപ്പോഴിതാ അഴിമതിയ്‌ക്കെതിരെ യുദ്ധം ആരംഭിച്ച അണ്ണാ ഹസാരെയുടെ ജീവിതവും വെള്ളിത്തിരയിലെത്തുകയാണ്.

ഇഷ്‌റാഖ് ഷായുടെ ഏക് ബുരാ ആത്മി എന്ന ചിത്രത്തിലാണ് അണ്ണ ഹസാരെയുടെ ജീവിതം ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ചിത്രത്തില്‍ നടനും ഗായകനുമായ രഘുവീര്‍ യാദവ് പ്രത്യക്ഷപ്പെടുന്നത് അണ്ണ ഹസാരെയുടെ രൂപത്തിലും ഭാവത്തിലുമാണെന്നാണ് റിപ്പോര്‍ട്ട്.

സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ് ഈ കഥാപാത്രം. തിരഞ്ഞെടുപ്പതീത രാഷ്ട്രീയത്തിന് തുടക്കം കുറിക്കുന്ന ഇയാള്‍ തിരഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കാതിരിക്കുകയും ജനങ്ങളെ ഭാരത് ജാഗോ എന്ന സമരപരിപാടിയിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്നു. യാദവിന്റെ സമരപരിപാടികള്‍ക്കെല്ലാം നിഴല്‍പോലെ അദ്ദേഹത്തിനൊപ്പമുണ്ടാവുന്ന കൂട്ടുകാരനായി അരുണോദയ്‌ സിംഗ് വേഷമിടുന്നു.

സംവിധായകന്‍ ഇഷ്‌റാഖ് ഷാ ഒരു നിരാഹാര രംഗം ചിത്രീകരിച്ചതോടെയാണ് ഹസാരെയുമായി ഈ കഥാപാത്രത്തിന് ബന്ധമുണ്ടെന്നത് വ്യക്തമായത്. എന്നാല്‍ യാദവിന്റെ കഥാപാത്രത്തിന് ഹസാരെയുമായുള്ള സാമ്യം സംവിധായകന്‍ നിഷേധിച്ചിട്ടുണ്ട്. രാജ്യത്തെ ജനങ്ങളെ ബോധവാന്‍മാരാക്കാനായി രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്ന ഒരാളെയാണ് രഘുവീര്‍ അവതരിപ്പിക്കുന്നതെന്നാണ് സംവിധായകന്‍ പറയുന്നത്.

അദ്ദേഹം പാവങ്ങളെയും അടിച്ചമര്‍ത്തപ്പെട്ടവരെയും സഹായിക്കുന്നു. സംവരണത്തിന്റെ രാഷ്ട്രീയത്തെയും അദ്ദേഹം എതിര്‍ക്കുന്നു. അയാള്‍ അന്നാ ഹസാരെയോ മറ്റാരെങ്കിലുമാവട്ടെ, എന്റെ കഥാപാത്രത്തെ ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് വെളിപ്പെടുത്താന്‍ ഞാനാഗ്രഹിക്കുന്നില്ല- സംവിധായകന്‍ പറയുന്നു.