raguvinte-swantham-rasiyaചലച്ചിത്രലോകത്തെ വിമതന്‍ വിനയന്റെ പുതിയ ചിത്രം ‘രഘുവിന്റെ സ്വന്തം റസിയ’ മെയ് 20ന് തിയ്യേറ്ററുകളിലെത്തും. ‘കാതല്‍വേദം’ എന്ന പേരില്‍ ചിത്രം തമിഴിലും പുറത്തിറങ്ങും. പുതുമുഖം മുരളി കൃഷ്ണനാണ് ചിത്രത്തിലെ നായകന്‍.

ഇതിനു മുമ്പ് പുറത്തിറങ്ങിയ വിനയന്‍ ചിത്രം ‘യക്ഷിയും ഞാനും’ പരാജയമായിരുന്നു. യക്ഷിയും ഞാനും എന്ന ചിത്രത്തില്‍ നായികയായെത്തിയ മേഘ്‌നയാണ് പുതിയ ചിത്രത്തില്‍ റസിയയാവുന്നത്.

ഒരു ഹിന്ദു യുവാവിന്റെയും മുസ്ലിം യുവതിയുടെയും പ്രണയവും അതിനെതിരു നില്‍ക്കുന്ന സമുദായങ്ങളുമാണ് സിനിമയുടെ പ്രമേയം. തിലകന്‍ ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.

ആകാശ് ഫിലിംസിന്റെ ബാനറില്‍ വിനയന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചത്. തിരക്കഥ വിനയനും അഡ്വ. മണിലാലും ചേര്‍ന്ന് നിര്‍വഹിച്ചു. തിലകന്‍, ചാരുഹാസന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സ്ഫടികം ജോര്‍ജ്, ജി കെ പിള്ള എന്നിവരും അഭിനയിക്കുന്നു. ക്യാമറ നവാസ്. സംഗീതസംവിധായകന്‍ സാജന്‍ മാധവന്‍.