മുംബൈ: കെ പി രഘുവംശിയെ മാറ്റി കാര്‍ക്കരെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ രാകേഷ് മരിയയെ എ ടി എസ്(ഭീകരവിരുദ്ധ സ്‌ക്വാഡ്)തലവനായി നിയമിച്ചു. മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ട അശോക് കാംതെയുടെ ഭാര്യ വിനീത കാംതെ എഴുതിയ ‘ടു ദ് ലാസ്റ്റ് ബുള്ളറ്റ്’ എന്ന പുസ്തകത്തില്‍ രാകേഷ് മരിയക്കെതിരെ നിരവദി ആരോപണമുന്നയിക്കപ്പെട്ടിട്ടുണ്ട്.

ഭീകരാക്രമണം നടന്ന ദിവസം കാമാ ആശുപത്രിയിലേക്കു പോകാന്‍ അശോകിനു നിര്‍ദേശം നല്‍കിയതു മാരിയയാണെന്നും എന്നാല്‍ പിന്നീട് അദ്ദേഹം ഇക്കാര്യം നിഷേധിച്ചത് എന്തുകൊണ്ടാണെന്നും വിനിത പുസ്തകത്തില്‍ ചോദിച്ചിരുന്നു. കാമാ ആശുപത്രിക്കു മുന്നിലുണ്ടായ വെടിവപ്പിലാണ് എ ടി എസ് മേധാവി ഹേമന്ദ് കര്‍ക്കരെ, അശോക് കാംതെ, മുംബൈ പൊലീസിലെ ഏറ്റുമുട്ടല്‍ വിഗദഗ്ധന്‍ വിജയ് സലാസ്‌ക്കര്‍ എന്നിവര്‍ കൊല്ലപ്പെട്ടത്.

എ ടി എസ് മേധാവി ഹേമന്ത് കര്‍ക്കരെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് രഘുവംശി എ ടി എസ് മേധാവിയായി നിയമിതനായത്. എന്നാല്‍ പൂനെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ചില സംഘടനകളുടെ പേര് വെളിപ്പെടുത്തിയതിനെതിരെ കഴിഞ്ഞ ദിവംസ മഹാരാഷ്ട്ര അഭ്യന്തരമന്ത്രി രഘുവംശിക്കെതിരെ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു. ശിവസേന എം എല്‍ എയായിരുന്നു മഹാരാഷ്ട്ര നിയമനിര്‍മ്മാണ സഭയില്‍ ഇക്കാര്യം ഉന്നയിച്ചത്. മുംബൈയില്‍
ഒ എന്‍ ജി സി ടെര്‍മിനല്‍ ആക്രമിക്കാനെത്തി, അറസ്റ്റിലായ അബ്ദുല്‍ ലത്തീഫ്, റിയാസ് അലി എന്നിവര്‍ കറാച്ചിയില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചതായി രഘുവംശി വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇതും സര്‍ക്കാറിനെ ചൊടിപ്പിച്ചിട്ടുണ്ട്.

രഘുവംശിയെ നീക്കുന്നതിന് പ്രത്യേക കാരണമൊന്നും ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എങ്കിലും ഇത്തരം സംഘടനകളുടെ പേര് വെളിപ്പെടുത്തിയതാണ് നടപടിക്ക് കാരണമെന്നാണ് കരുതപ്പെടുന്നത്.