കോഴിക്കോട്: ഗവ. ലോകോളജ് വനിതാ ഹോസ്റ്റലില്‍ റാഗിങ്ങിനിരയായ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചവത്സര എല്‍.എല്‍.ബി കോഴ്‌സിന് പഠിക്കുന്ന രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥിനി എ. നിധിലയാണ് റാഗിങ്ങിനിരയായത്. ത്രിവത്സര കോഴ്‌സിലെ ആറാം സെമസ്റ്റര്‍ വിദ്യാര്‍ഥിനി മനീഷയാണ് റാഗ് ചെയ്തതെന്ന് നിധില പൊലീസിന് മൊഴിനല്‍കി.

മുടി അഴിച്ചിട്ട് നടക്കരുതെന്ന സീനിയര്‍ വിദ്യാര്‍ഥിനിയുടെ താക്കീത് സംഘിച്ചതാണ് റാഗിങ്ങിന് കാരണമെന്ന് നിധില പറയുന്നു. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. മുന്നറിയിപ്പ് അവഗണിച്ച നിധിലയെ മനീഷ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

അസഭ്യവാക്കുകളോടെ വയറ്റില്‍ ചവിട്ടുകയും മുടി പിടിച്ച് ചുമരിലിടിക്കുകയും ചെയ്തുവെന്നാണ് പരാതി. അതിനിടെ ആരോപണ വിധേയയായ സീനിയര്‍ വിദ്യാര്‍ഥിനിയും മെഡിക്കല്‍ കോളജില്‍ ചികിത്സതേടിയിട്ടുണ്ട്.

രണ്ട് വിദ്യാര്‍ഥിനികളുടെയും പരാതി തനിക്ക് കിട്ടിയിട്ടുണ്ടെന്നും അധ്യാപക സമിതി നടത്തുന്ന അന്വേഷണത്തില്‍ റാഗിങ് നടന്നതായി തെളിഞ്ഞാല്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ലോകോളജ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് അഹമ്മദ് ഇഖ്ബാല്‍ പറഞ്ഞു. വനിതാ ഹോസ്റ്റലില്‍ റസിഡന്റ് ട്യൂട്ടറെ നിയമിക്കുന്നത് പ്രായോഗികമാവില്ലെന്നും മേട്രണെ നിയമിക്കണമെന്ന് കാണിച്ച് സര്‍ക്കാറിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.