ദിലീപിനെ നായകനാക്കി ഹിറ്റ് ചിത്രമായിരുന്ന പഞ്ചാബി ഹൗസിന് രണ്ടാം ഭാഗമെടുക്കാനുള്ള നീക്കം സംവിധായകന്‍ റാഫി മെക്കാര്‍ട്ടിന്‍ ഉപേക്ഷിച്ചു. രണ്ടാം ഭാഗത്തിന് പറ്റിയ കഥ കിട്ടാത്തതാണ് പിന്മാറ്റത്തിന് കാരണമെന്നാണ് പറയുന്നത്.

കേരളത്തില്‍ താമസമുറപ്പിച്ച ഒരു പഞ്ചാബി കുടുംബവും അവിടെ വന്നുപെടുന്ന ഒരു സാധാരണക്കാരന്റെ കഷ്ടപ്പാടുകളുമായിരുന്നു പഞ്ചാബിഹൗസിന്റെ പ്രമേയം. അതിനോട് മത്സരിച്ചുനില്‍ക്കാന്‍ പറ്റിയ കഥയില്ലാതെ പ്രോജക്ട് ലക്ഷ്യം കാണില്ലെന്നു കണ്ടാണ് റാഫിമെക്കാര്‍ട്ടിന്‍ സിനിമ ഉപേ
ക്ഷിച്ചതെന്നാണറിയുന്നത്.

പൃഥ്വിരാജിനെ നായകനാക്കി മറ്റൊരു ചിത്രമെടുക്കാനുള്ള പദ്ധതിയിലാണ് റാഫിമെക്കാര്‍ട്ടിന്‍ ഇപ്പോള്‍. പൃഥ്വി ചിത്രത്തിനായ തിരക്കഥ തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് ഇവര്‍. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ദിലീപിന്റെ ആദ്യകാല സൂപ്പര്‍ഹിറ്റുകളിലൊന്നാണ് പഞ്ചാബ് ഹൗസ്. അതുകൊണ്ടുതന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന ആശയം റാഫി മെക്കാര്‍ട്ടിന്റെ മനസില്‍ വന്നത്. ലക്കി സിങ് എന്ന് ചിത്രത്തിന് പേരിടുകയും ചെയ്തിരുന്നു. എന്നാല്‍ ലക്കിസിങ് എന്ന പേരിനപ്പുറത്തേക്ക് പ്രോജക്ട് വളര്‍ന്നില്ല.

പൃഥ്വിനായകനാകുന്ന മല്ലുസിങ്ങിന് ലക്കി സിങ് വെല്ലുവിളിയാകുമെന്ന വിലയിരുത്തലകളുണ്ടായിരുന്നു. ഏതായാലും ലക്കി സിങ് ഉപേക്ഷിച്ചത് മല്ലു സിങിന് ഗുണം ചെയ്യുമെന്നകാര്യത്തില്‍ സംശയമില്ല.