എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധം: റഫീക്ക് അറസ്റ്റില്‍
എഡിറ്റര്‍
Wednesday 30th May 2012 10:34am

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതിയെന്ന് കരുതുന്ന വാഴപ്പടച്ചി റഫീക്ക് അറസ്‌ററിലായി.  റഫീക്ക് പോലീസിന് മുന്നില്‍ ഹാജരായെന്നാണ് ലഭിക്കുന്ന വിവരം.  റഫീക്കിന്റെ അവസാന ഒളിത്താവളവും പോലീസ് മനസ്സിലാക്കി എന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് റഫീക്ക് പോലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നുവെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്.

ടി.പിയെ വധിക്കാന്‍ ഉപയോഗിച്ച വാഹനം വാടകയ്‌ക്കെടുത്ത് കൊടി സുനിക്ക് നല്‍കിയത് റഫീക്കായിരുന്നു. നവീന്‍ദാസ് എന്നയാളുടെ കൈയ്യില്‍ നിന്നാണ് റഫീക്ക് വാഹനം വാങ്ങിയത്. ഇയാള്‍ക്ക് റഫീക്ക് ചെക്കും കൊടുത്തിരുന്നു.
ചെക്ക് മറ്റൊരാളുടെ പേരിലുള്ളതാണെന്ന് നേരത്തെ അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. തലശേരിയിലെ ബാങ്കില്‍ ചെക്ക് ഹാജരാക്കിയാണ് പൊലീസ് സംഘം ഇത് സ്ഥിരീകരിച്ചത്. ചെക്കിലെ ഒപ്പും ചെക്കിനൊപ്പം നല്‍കിയ മുദ്രപ്പത്രത്തിലെ ഒപ്പും വ്യാജമാണ്. രണ്ട് ഒപ്പുകള്‍ തമ്മില്‍ സാമ്യവുമില്ലാത്തതിനാല്‍ വ്യാജരേഖ നിര്‍മിച്ചതിന് റഫീഖിനെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.

കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം റഫീക്ക് ഒളിച്ചു താമസിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. റഫീക്കിനെ കാണാതായതിനെ തുടര്‍ന്ന് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.

എന്നാല്‍ പോലീസില്‍ പിടികൊടുക്കുന്നതിന് മുന്‍പ് കോടതിയില്‍ ഹാജരാവാന്‍ റഫീക്ക് ശ്രമം നടത്തിയെങ്കിലും അത് വിജയിച്ചില്ല. തുടര്‍ന്നാണ് പോലീസിന് മുന്നില്‍ ഹാജരാവാന്‍ തീരുമാനിച്ചത്. കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന റഫീക്കിന്റെ അറസ്റ്റ് കേസില്‍ നിര്‍ണായക വഴിത്തിരിവാകുമെന്നാണ് കരുതുന്നത് .

വിനോദയാത്രയ്ക്കു പോകാന്‍ കാര്‍ വേണമെന്നാണ് കൊടി സുനി അറിയിച്ചതെന്ന് റഫീഖ് അന്വേഷണ സംഘത്തെ ധരിപ്പിച്ചു. കേസില്‍ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ലാത്തതിനാല്‍ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്. ടിപി വധവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിക്കുന്ന കൊടി സുനി പ്രതിയായ മറ്റൊരു കേസില്‍ റഫീഖ് പ്രതിയായിരുന്നു. 2009 ല്‍ മലയാളിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലാണ് റഫീഖ് പ്രതിയായത്.

Advertisement