സാവോ പോളോ: പരിക്കിന്റെ പിടിയിലായ മുന്‍ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ അടുത്ത മാസം നടക്കുന്ന ബ്രസീല്‍ ഓപ്പണില്‍ കളിച്ചേക്കും. ബ്രസീല്‍ ഓപ്പണിന്റെ സംഘാടകരാണ് ഇക്കാര്യം അറിയിച്ചത്.

Ads By Google

പതിനൊന്ന് തവണ ഗ്രാന്‍സ്ലാം കിരീടം ചൂടിയ നദാല്‍ കഴിഞ്ഞ ജൂണിലാണ് അവസാനമായി റാക്കറ്റേന്തിയത്. ഇടത് കാല്‍മുട്ടിലെ പരിക്ക് മൂലം ഏറെ നാളായി വിശ്രമത്തിലായിരുന്നു നദാല്‍.

കഴിഞ്ഞ മാസം അബുദാബിയില്‍ മാത്സരത്തിനിറങ്ങുമെന്ന് നദാല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും വയറ് വേദനയെ തുടര്‍ന്ന് അവസാന നിമിഷം പിന്മാറുകയായിരുന്നു. വയറ് വേദനമൂലം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണിലും നദാല്‍ പങ്കെടുത്തിട്ടില്ല.

അടുത്തമാസം 11നാണ് ബ്രസീല്‍ ഓപ്പണ്‍ ആരംഭിക്കുന്നത്. അതുകഴിഞ്ഞ് ഫെബ്രുവരി 25 ന് നടക്കുന്ന മെക്‌സിക്കന്‍ ഓപ്പണിലും നദാല്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2005 ലാണ് ഇരു കിരീടങ്ങളും നദാല്‍ അവസാനമായി സ്വന്തമാക്കിയത്.