മജോര്‍സ: ടെന്നീസിലേക്ക് തിരിച്ച് വരാന്‍ ധൃതിപ്പെടുന്നില്ലെന്ന് സ്‌പെയിനിന്റെ ടെന്നീസ് താരം റാഫേല്‍ നദാല്‍. പരിക്കിന്റെ പിടിയില്‍ നിന്ന് പതുക്കെ മടങ്ങിവരികയാണ്. പെട്ടെന്ന് മടങ്ങി വരുന്നത് പരിക്ക് കൂടുതലാക്കാനേ കാരണമാകുകയുള്ളൂ. നാദാല്‍ പറയുന്നു.

Ads By Google

മുട്ടിനേറ്റ പരിക്കാണ് നാദാലിനെ ടെന്നീസ് കോര്‍ട്ടില്‍ നിന്നും അകറ്റിയത്. അടുത്തമാസം ടെന്നീസിലേക്ക് തിരിച്ചുവരുമെന്ന് നേരത്തേ നദാല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും തിരിച്ച് വരവ് ഉടന്‍ ഉണ്ടാകുമെന്ന് കരുതുന്നില്ല.

കഴിഞ്ഞ ജൂണില്‍ നടന്ന വിംബിള്‍ഡണിലാണ് നദാല്‍ അവാസാനമായി റാക്കറ്റേന്തിയത്. ഇതിനിടയില്‍ പല തവണ തിരിച്ചുവരവ് പ്രഖ്യാപിച്ചിരുന്നെങ്കിലും പലകാരണങ്ങളാല്‍ തിരിച്ച് വരവ് നീളുകയായിരുന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ടെന്നീസിലേക്ക് മടങ്ങി വരാന്‍ ഒരുങ്ങുന്നത്. അപ്പോള്‍ അത്രയും തയ്യാറെടുപ്പ് നടത്തണം. അതിനുള്ള ശ്രമത്തിലാണിപ്പോള്‍ 26 കാരനായ മുന്‍ ലോക ഒന്നാം നമ്പര്‍ താരം പറയുന്നു.

കോര്‍ട്ടിലേക്ക് മടങ്ങിവരാന്‍ വളരെയധികം ആഗ്രഹമുണ്ട്. എന്നാല്‍ ക്ഷമയോടെ കാത്തിരിക്കാനാണ് തീരുമാനം. അമിതാവേശം അപകടമുണ്ടാക്കും. എല്ലാത്തിനേക്കാളും പ്രാധാന്യം എനിക്കെന്റെ കാലുകളാണ്. മുട്ട് വേദന പൂര്‍ണമായും സുഖപ്പെട്ടാല്‍ മാത്രമേ ആത്മവിശ്വാസത്തോടെ കളിക്കാന്‍ സാധിക്കുകയുള്ളൂ. നദാല്‍ പറഞ്ഞു.