ന്യൂദല്‍ഹി: രാധിക തന്‍വാര്‍ വധക്കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്നയാളെ മുംബൈയില്‍ പോലീസ് അറസ്റ്റ് ചെയ്തു. വിജയ് എന്നു വിളിക്കുന്ന രാം സിങ്ങാണ് അറസ്റ്റിലായത്. 26 കാരനായ ഇയാള്‍ മാനസിക രോഗിയാണെന്നാണ് പോലീസ് പറയുന്നത്.

രേഖാ ചിത്രത്തിലുള്ളയാള്‍ ഇയാള്‍ തന്നെയാണെന്ന് പോലീസ് ഉറപ്പിച്ചിട്ടുണ്ട്. രേഖാ ചിത്രം കണ്ട രാധികയുടെ ബന്ധുക്കളും ആളെ തിരിച്ചറിഞ്ഞിരുന്നു. ഇയാള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുത്ത അഷ്‌റഫ്, താബ്‌റസ് എന്നിവരെ വെള്ളിയാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒരാഴ്ച മുമ്പ് രാധിക ഇയാളുടെ മുഖത്തടിച്ചതായും അതിന് പ്രതികാരം ചെയ്യണമെന്ന് ഇയാള്‍ നിശ്ചയിച്ചിരുന്നതായും പോലീസിനോട് ഇവര്‍ വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇയാളെ തേടി ദല്‍ഹി പോലീസ് മുംബൈയിലെത്തി.

ബന്ധുക്കളോട് ഇത്തരത്തിലുള്ള അക്രമങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ഇയാളെ വീട്ടില്‍ നിന്നും പുറത്താക്കിയതാണ്. വിജയ് എന്ന പേരിലറിയപ്പെട്ട ഇയാള്‍ ദല്‍ഹിയിലെത്തിയ ശേഷം പേര് മാറ്റുകയായിരുന്നു.

രാം ലാല്‍ ആനന്ദ് കോളേജിനു സമീപം വച്ചാണ് നരൈന സ്വദേശിയായ രാധിക തല്‍വാര്‍ വെടിയേറ്റു മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്.