കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്കുനേരെ വെടിയുതിര്‍ത്ത അസിസ്റ്റന്റ് കമ്മീഷണര്‍ കെ.രാധാകൃഷ്ണ പിള്ളയെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റി. സംഭവത്തെ കുറിച്ച് അന്വേഷിച്ച അഡീഷനല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം. കോഴിക്കോട്ടെ വെടിവയ്പിനെ ന്യായീകരിച്ചായിരുന്നു നേരത്തെ ഡി.ജി.പി റിപ്പോര്‍ട്ട് നല്‍കിയിരുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

Subscribe Us:

സ്ഥിതിഗതികള്‍ വിലയിരുത്തുന്നതില്‍ അസി. കമ്മീഷണര്‍ക്ക് തെറ്റുപറ്റിയെന്ന അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. വെടിവെക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ലെന്നും, എന്നാല്‍ വെടിവെപ്പ് മനപ്പൂര്‍വ്വമല്ലെന്നുമാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്.

ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ പരിഗണിച്ച് വെടിവെച്ച എ.സി.പി. രാധാകൃഷ്ണപിള്ളയെ സ്ഥലം മാറ്റുന്നതിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

രാധാകൃഷ്ണപിള്ളയെ സസ്‌പെന്‍ഡ് ചെയ്ത് ജുഡീഷ്യല്‍ അന്വേഷണം നടത്താത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയിരുന്നു. പിള്ളയെ സസ്‌പെന്‍ഡ് ചെയ്ത് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നതാണ് പ്രതിപക്ഷത്തിന്റെ വികാരമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദന്‍ പറഞ്ഞു.