എഡിറ്റര്‍
എഡിറ്റര്‍
മരുന്ന് പരീക്ഷണങ്ങള്‍ കാലങ്ങളായി നടക്കുന്നു: രാധാകൃഷ്ണന്‍ സംസാരിക്കുന്നു
എഡിറ്റര്‍
Wednesday 22nd August 2012 3:40pm


ഫേസ് ടു ഫേസ്

രാധാകൃഷ്ണന്‍/ജിന്‍സി ബാലകൃഷ്ണന്‍


സാമൂഹ്യപ്രാധാന്യമുള്ള വിഷയങ്ങള്‍ ചലച്ചിത്രങ്ങളിലൂടെ അവതരിപ്പിക്കുന്ന ഒരുപാട് പേര്‍ കേരളത്തിലുണ്ട്. ചിലവ ശ്രദ്ധിക്കപ്പെടും, ചിലത് ആരാലും ശ്രദ്ധിക്കപ്പെടാതെ പോകും. എങ്കിലും ഇവര്‍ ശ്രമം തുടരും.

ഈ ഗണത്തില്‍പ്പെട്ടയാളാണ് കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ രാധാകൃഷ്ണന്‍. പട്ടാളത്തില്‍ നിന്നും രാജിവെച്ച് ഫാര്‍മസിസ്റ്റായി ജോലി നോക്കുന്ന രാധാകൃഷ്ണന്‍ നാടകങ്ങളിലൂടെയും ഹ്രസ്വ ചിത്രങ്ങളിലൂടെയും സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. അടുത്തിടെ ഇന്ത്യാ വിഷന്‍ ചാനലിലൂടെ അറിഞ്ഞ മനുഷ്യരിലെ മരുന്ന് പരീക്ഷണം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ സിനിമയിലൂടെ തുറന്ന്  കാട്ടിയയാളാണ് ഇദ്ദേഹം. രാധാകൃഷ്ണന്‍ സ്വന്തം സിനിമാ സ്വപ്‌നങ്ങള്‍ ഡൂള്‍ന്യൂസുമായി പങ്കുവയ്ക്കുന്നു..

Ads By Google

ഫാര്‍മസിസ്റ്റായ നിങ്ങള്‍ എങ്ങനെയാണ് ചലച്ചിത്ര തിരക്കഥാ രംഗത്തേക്ക് കടന്നുവരുന്നത് ?

നാടകരംഗത്ത് കൂടിയാണ് ഞാന്‍ സിനിമയിലെത്തുന്നത്. എന്റെ ഒരു ബന്ധുവുണ്ട്. അപ്പേട്ടന്‍. അപ്പേട്ടന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് നാടകത്തിലൊക്കെ അഭിനയിക്കുമായിരുന്നു. അതിന്റെ റിഹേഴ്‌സല്‍ ഞങ്ങളുടെ വീട്ടിലായിരുന്നു നടക്കാറുള്ളത്. അപ്പോള്‍ കണ്ടിരിക്കാറുണ്ട്. അങ്ങനെയാണ് നാടകത്തോട് താല്‍പര്യം തോന്നിയത്. എന്റെ സുഹൃത്ത് രാജന്‍ ജോസ്, മുഹമ്മദ് പേരാമ്പ്ര എന്നിവരുടെ നാടകങ്ങള്‍ സ്വാധീനിച്ചിട്ടുണ്ട്.

ഒമ്പത് നാടകങ്ങള്‍ക്ക് ഞാന്‍ തിരക്കഥയെഴുതിയിട്ടുണ്ട്. 2006ല്‍ ‘ലാണ്ടിയ’ എന്ന ഷോട്ട് ഫിലിമിന് തിരക്കഥ തയ്യാറാക്കിയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവരുന്നത്. ഇപ്പോള്‍ മൂന്ന് ഹ്രസ്വ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയിട്ടുണ്ട്. യെല്ലോ ഗ്ലാസ്, ഏറ്റവും അവസാനം പുറത്തിറങ്ങിയ കൊറോണ.

നാടകരംഗത്തെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയായിരുന്നു?

നാടകങ്ങള്‍ക്ക് തിരക്കഥയെഴുതുകയാണ് ചെയ്യുന്നത്.  നമുക്ക് സമൂഹത്തോട് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. അത് നാടകത്തിലൂടെ പറയാനുള്ള ശ്രമമാണ് ആദ്യം നടത്തിയത്. ഞാന്‍ആകാശവാണിയില്‍ നാടകങ്ങള്‍ തയ്യാറാക്കി അവതരിപ്പിക്കാറുണ്ട്. ഒമ്പത് നാടകങ്ങള്‍ ചെയ്തതില്‍ ആറ് തിരക്കഥകള്‍ റെഡ് അലേട്ട് എന്ന പേരില്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. സതീഷ്  കെ. സതീഷാണ് എഡിറ്റ് ചെയ്യുന്നത്. നാടകത്തിലെ എന്റെ ഗുരുവാണദ്ദേഹം.

ഒമ്പത് നാടകങ്ങള്‍ക്ക് ഞാന്‍ തിരക്കഥയെഴുതിയിട്ടുണ്ട്. 2006ല്‍ ‘ലാണ്ടിയ’ എന്ന ഷോട്ട് ഫിലിമിന് തിരക്കഥ തയ്യാറാക്കിയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവരുന്നത്.

സ്‌കൂള്‍ കലോത്സവത്തിനായി കുട്ടികളുടെ നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. ‘ഡമാര്‍ പടാര്‍’ എന്ന നാടകം കോഴിക്കോട് നടന്ന സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ എ ഗ്രേഡ് നേടിയിരുന്നു. കഴിഞ്ഞതവണ ജില്ലവരെ എത്തിയിരുന്നു. മികച്ച നാടകകൃത്തിനുള്ള വില്യാപ്പള്ളി രാജന്‍ പുരസ്‌കാരം 2010ല്‍ ലഭിച്ചിട്ടുണ്ട്.

അഭിനയത്തോട് താല്‍പര്യമുണ്ടായിരുന്നോ?

അഭിനയത്തോടായിരുന്നു എനിക്ക് താല്‍പര്യം. പക്ഷെ പിന്നീട് എഴുത്തിലേക്കെത്തിപ്പെട്ടു. ഞാന്‍ ചെയ്ത യെല്ലോ ഗ്ലാസില്‍ ചെറിയ വേഷം ചെയ്തിട്ടുണ്ട്.

ഹ്രസ്വ ചലച്ചിത്ര രംഗത്തെ തുടക്കം എങ്ങനെയായിരുന്നു?

ലാണ്ടിയ എന്ന ചിത്രമാണ് ആദ്യം ചെയ്തത്. ഹര്‍ഷദാണ് അതിന്റെ ഡയറക്ടര്‍. ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രമായിരുന്നു അത്. അത് പുറത്തിറക്കിയപ്പോള്‍ ഞങ്ങള്‍ക്ക് ഏറെ ഭീഷണികള്‍ നേരിടേണ്ടി വന്നിരുന്നു. ഫോണിലൂടെയും മറ്റും ചിലര്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 2006-2007 കാലഘട്ടത്തിലാണ് ആ ചിത്രം ചെയ്തത്.

പിന്നീട് യെല്ലോ ഗ്ലാസ് ചെയ്തു. 2010ലെ കേരള ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവെലില്‍ പ്രത്യേക ജൂറി പുരസ്‌കാരം ഈ ചിത്രം നേടിയിരുന്നു. 23 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രവും ഹര്‍ഷദ് തന്നെയാണ് സംവിധാനം ചെയ്തത്.

അവസാനമായി ചെയ്തത് കൊറോണയെന്ന ചിത്രമാണ്. അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ഷറഫു ആണ് സംവിധാനം ചെയ്തത്.

വൈദ്യശാസ്ത്ര രംഗത്തെ അപചയങ്ങളെ തുറന്നു കാട്ടുന്ന ചിത്രമായിരുന്നല്ലോ യെല്ലോ ഗ്ലാസ്. അങ്ങനെയൊരു പ്രമേയം തിരഞ്ഞെടുക്കാന്‍ കാരണം?

വേണ്ടാത്തതും വേണ്ടതുമായ ഒരുപാട് മരുന്നുകള്‍ പുറത്തിറങ്ങുന്നുണ്ട്. ഫാര്‍മസിസ്റ്റായതുകൊണ്ടുതന്നെ എനിക്കറിയാം, പല മരുന്നുകളും വെറും പ്രോഡക്ട് മാത്രമായി മാറുകയാണ്. ആധുനിക ശുശ്രൂഷ രംഗം സേവന സ്വഭാവം വിട്ടിട്ട് വാണിജ്യം മാത്രമായി മാറിയിരിക്കുന്നു. എത്തിക്‌സ് നശിക്കുന്നു.

രോഗഭീതി പരത്തി അത് ബിസിനസാക്കി മാറ്റുന്നു. ഉദാഹരണത്തിന് പനിയുണ്ടെന്ന് ഭീതി പരത്തി നമുക്കെല്ലാവര്‍ക്കും അങ്ങനെ തോന്നുകയും ഡോക്ടറെ സമീപിക്കുകയും അവര്‍ അത് ആഘോഷിക്കുകയും ചെയ്യുകയാണ്.

ആദ്യമൊരു ഭയം ജനിപ്പിക്കുക. പിന്നെ അതിനെ ഉപയോഗിക്കുക എന്ന മാര്‍ക്കറ്റിങ് തന്ത്രമാണ് ഇവിടെ ഉപയോഗിക്കുന്നത്.  അതിനെതിരെ എഴുത്തുകാരനെന്ന നിലയിലുള്ള പ്രതികരണമായിരുന്നു ആ ചിത്രം.

എന്റെ സ്വന്തം അനുഭവങ്ങളില്‍ നിന്നാണ് ഞാന്‍ യെല്ലോ ഗ്ലാസിന് രൂപം നല്‍കിയത്. എന്റെ സുഹൃത്ത് കൂടിയായ അബു വാണിയംകുളമാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

അടുത്ത പേജില്‍ തുടരുന്നു

Advertisement