വാഷിംങ്ടണ്‍: ഉന്നത ആവൃത്തിയുള്ള റഡാറുകള്‍ സുനാമി മുന്നറിയിപ്പ് നല്‍കുന്ന ഉപകരണങ്ങളുടെ ഭാഗമായി ഉപയോഗിക്കാമെന്ന് ശാസ്ത്രജ്ഞര്‍. പശ്ചിമേഷ്യപോലുള്ള താഴ്ന്ന പ്രദേശങ്ങളില്‍ ഇത് ഏറെ ഗുണം ചെയ്യുമെന്നും കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഓഷ്യാനോഗ്രാഫര്‍ പ്രഫ. ജോണ്‍ ലാര്‍ജിയര്‍ പറയുന്നു.

കഴിഞ്ഞ മാര്‍ച്ചില്‍ ജപ്പാനിന്റെ തീരപ്രദേശങ്ങളില്‍ സുനാമി തിരകള്‍ ഉയര്‍ന്നപ്പോള്‍ മുന്നറിയിപ്പ് നല്‍കാന്‍ റഡാറിനു കഴിഞ്ഞിരുന്നു. റഡാറുകളെ ഈ ആവശ്യത്തിന് ഉപയോഗിക്കാമെന്ന് ആദ്യമായി തെളിഞ്ഞ അവസരമായിരുന്നു അത്. ഇതേ തുടര്‍ന്നാണ് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ പഠനങ്ങള്‍ നടന്നത്.

സമുദ്രചലനങ്ങള്‍ മനസിലാക്കാന്‍ റഡാര്‍ എങ്ങനെ ഉപയോഗിക്കാം എന്നതുമായി ബന്ധപ്പെട്ട് യൂണിവേഴ്‌സിറ്റിയിലെ ബൊഡേഗ മറൈന്‍ ലാബില്‍ കഴിഞ്ഞ 10വര്‍ഷമായി ലാര്‍ജിയറും കൂട്ടരും പഠനം നടത്തുകയായിരുന്നു. ജപ്പാനിലെ ക്യോട്ടോ യൂണിവേഴ്‌സിറ്റിയിലെയും സാന്‍ഫ്രാന്‍സിസ്‌കോ യൂണിവേഴ്‌സിറ്റിയിലെയും സഹപ്രവര്‍ത്തകരില്‍ നിന്നും സ്വീകരിച്ച റഡാര്‍ സന്ദേശങ്ങളും പഠനവിധേയമാക്കി. കരയിലായിരിക്കുമ്പോള്‍ ഉയരം കുറയുന്ന യഥാര്‍ത്ഥ സുനാമി തിരമാലകളല്ല റഡാര്‍ സന്ദേശത്തിലുള്‍പ്പെട്ടതെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. മറിച്ച് ഈ തിരമാലകള്‍ കടന്നുപോകുമ്പോള്‍ കറന്റിലുണ്ടാവുന്ന മാറ്റമാണ് റഡാര്‍ പിടിച്ചെടുക്കുന്നത്.

സുനാമി തിരകള്‍ ഉയരുമ്പോള്‍ തന്നെ ശാസ്ത്രജ്ഞര്‍മാര്‍ക്ക് മനസിലാക്കാന്‍ ഈ റഡാറുകള്‍ സഹായിക്കും.