എഡിറ്റര്‍
എഡിറ്റര്‍
സംയോജിത പൊതുവിതരണ സമ്പ്രദായം ഈ വര്‍ഷം: ബജറ്റ് 2012
എഡിറ്റര്‍
Monday 19th March 2012 4:44pm

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിതരണ മേഖലയില്‍ സംയോജിത പൊതു വിതരണ സമ്പ്രദായം നടപ്പുവര്‍ഷം ആവിഷ്‌കരിക്കുമെന്ന് ധനമന്ത്രി കെ.എം. മാണി 2012-13 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് നിയമസഭയില്‍ അറിയിച്ചു.

റേഷന്‍ സാധനങ്ങള്‍ അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക് പൂര്‍ണ്ണതോതില്‍ ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്തിക്കൊണ്ടും സംസ്ഥാനത്തെ പൊതുവിതരണ മേഖലയില്‍ ബയോമെട്രിക് ഉപാധികളെ ആധാരമാക്കിക്കൊണ്ടുമാണ് സംയോജിത പൊതുവിതരണ സമ്പ്രദായം ഈ വര്‍ഷം ആവഷ്‌കരിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. റേഷന്‍ ചില്ലറ/മൊത്ത വ്യാപാരികള്‍ റേഷന്‍ സാധനങ്ങള്‍ തിരിമറി നടത്തുന്നത് ഇതുമൂലം നിര്‍ത്തലാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

റേഷന്‍ സാധനങ്ങള്‍ പൊതുവിപണിയിലേയ്ക്ക് അനധികൃതമായി കടത്തിക്കൊണ്ട് പോകുന്നത് തടയുന്നതിന് ഗ്ലോബല്‍ പൊസ്സഷനിംഗ് സംവിധാനം നടപ്പാക്കും. റൂട്ട് മാറിപോകുന്ന വാഹനങ്ങള്‍ കണ്ടെത്തി നടപടികള്‍ സ്വീകരിക്കുന്നതിനായി വെഹിക്കിള്‍ ട്രാക്കിംഗ് സംവിധാനം നടപ്പില്‍ വരുത്തുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
ഇതിലേയ്ക്കായി നടപ്പുവര്‍ഷം 1 കോടി രൂപ ബജറ്റില്‍ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി കെ.എം. മാണി പറഞ്ഞു.

അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധനവ് തടയുന്നതിലേയ്ക്കായി സബ്‌സിഡി നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ റേഷന്‍കടകള്‍ വഴി വിതരണം ചെയ്യും. 2009-ലെ ബി.പി.എല്‍. സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് പുതിയ ബി.പി.എല്‍ കാര്‍ഡ് നല്‍കും. ഇപ്പോള്‍ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്ന അനര്‍ഹരെ ഇതില്‍നിന്നും ഒഴിവാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Malayalam news

Kerala news in English

Advertisement