കൊച്ചി: ബ്ലാസ്‌റ്റേഴ്‌സിനെ വിടാതെ പിന്തുടര്‍ന്ന് ഗോള്‍ വരള്‍ച്ച. ഗോള്‍ അകന്നു നിന്ന മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനെ പലപ്പോഴും രക്ഷപ്പെടുത്തിയത് ജിങ്കാനെന്ന പ്രതിരോധ ഭടനും റജൂബ്ക്ക എന്ന ഗോളിയുമായിരുന്നു.

മത്സരത്തിന്റെ അവസാന നിമിഷം ഗോള്‍ എന്ന് ഗ്യാലറിയും താരങ്ങളും കണ്ണും പൂട്ടിയുറപ്പിച്ച ഷോട്ട് പറന്നാണ് റജൂക്ക തട്ടിയകറ്റിയത്. ആ നിമിഷം മഞ്ഞപ്പട നൂറുവട്ടം അദ്ദേഹത്തിന് നന്ദി പറഞ്ഞിട്ടുണ്ടാകും. കാരണം റജൂബ്ക്ക രക്ഷപ്പെടുത്തിയത് ബ്ലാസ്റ്റേഴ്‌സിന്റ ജീവനായിരുന്നു.

മത്സരത്തിലുടനീളം ഗോളവസരങ്ങള്‍ അനവധി കിട്ടിയിട്ടും ലക്ഷ്യം കാണാന്‍ കേരളത്തിന് സാധിക്കാതെ പോവുകയായിരുന്നു. ഗോള്‍ പൊസഷന്‍ കൂടതലും ബ്ലാസ്റ്റേഴ്‌സ് ആയിരുന്നു എന്നിട്ടും ജംഷഡ്പൂരിന്റെ പ്രതിരോധക്കോട്ട തകര്‍ക്കാന്‍ സാധിച്ചില്ല.

അതേസമയം, മറുവശത്ത് കൂടുതല്‍ ആക്രമിച്ചു കളിക്കുകയായിരുന്നു ജംഷഡ്പൂര്‍ എഫ്.സി. പലവട്ടം മഞ്ഞപ്പടയുടെ പ്രതിരോധം തകര്‍ത്ത് ജംഷഡ്പൂര്‍ മുന്നേറിയെങ്കിലും ജിങ്കാന്റേയും റച്ചൂബ്ക്കയുടേയും പ്രകടനങ്ങളാണ് ഗോളില്‍ നിന്നും രക്ഷിച്ചത്.

സൂപ്പര്‍ താരങ്ങള്‍ മങ്ങിപ്പോയ മത്സരത്തില്‍ സി.കെ വിനീതിന്റെ ഗോളെന്നുറച്ച ഹെഡ്ഡര്‍ പോസ്റ്റിന് മുകളിലൂടെ പോയതും ബ്ലാസ്‌റ്റേഴ്‌സിന് വിനയായി. അവസാന നിമിഷം ജംഷഡ്പൂര്‍ താരത്തിന്റെ ഗോള്‍ ഷോട്ട് തട്ടിത്തകര്‍ത്ത് വീണ്ടും റജൂക്ക മഞ്ഞപ്പടയുടെ രക്ഷകനായി. അതേസമയം ജംഷഡ്പൂരിന്റെ മലയാളി സൂപ്പര്‍ താരം അനസ് എടത്തൊടിക പരിക്കു പറ്റി പുറത്ത് പോയത് ആരാധകര്‍ക്ക് വേദനയായി.