Categories

രാജിക്ക് പിന്നില്‍ വ്യക്തി പോര്; ശെല്‍വരാജ് യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കും

തിരുവനന്തപുരം: പിറവം തിരഞ്ഞെടുപ്പിന് തൊട്ടടുത്തെത്തിയിരിക്കെ എം.എല്‍.എ സ്ഥാനവും സി.പി.ഐ.എം അംഗത്വവും ആര്‍. ശെല്‍വരാജ് രാജിവെച്ചത് വ്യക്തമായ കണക്കുകൂട്ടലുകളോടെ. നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ നാടാര്‍ സമുദായത്തിന്റെ പ്രതിനിധിയായി യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് ശെല്‍വരാജിന്റെ നീക്കം. നാടാര്‍ സമുദായ സംഘടനയായ വി.എസ്.ഡി.പിയുടെ ശക്തമായ പിന്തുണ ശെല്‍വരാജിനുണ്ട്.

എം.എല്‍.എ ആയാല്‍ മന്ത്രിസ്ഥാനം വരെ യു.ഡി.എഫ് വാഗ്ദാനം ചെയ്തതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. പച്ചനോട്ടിന്റെ തിളക്കവും മന്ത്രിസ്ഥാനവും കണ്ടാണ് ശെല്‍വരാജന്‍ പാര്‍ട്ടി വിട്ടതെന്ന് സി.പി.ഐ.എമ്മും ആരോപിക്കുന്നുണ്ട്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ഒരു യു.ഡി.എഫ് നൊപ്പം ശെല്‍വരാജ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടുവെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്.

അതേസമയം കോട്ടയം സമ്മേളനത്തോടെ ഔദ്യോഗിക പക്ഷത്തിനൊപ്പം നിന്ന ശെല്‍വരാജന്‍ അതേ പാളയത്തില്‍ നിന്ന് തന്നെയുള്ള ആനാവൂര്‍ നാഗപ്പനുമായി കടുത്ത ശത്രുതയിലായിരുന്നു. വ്യക്തിപരമായ ഈ പോരാട്ടമാണ് രാജിയിലേക്കെത്തിത്തിച്ചത്. 2006ല്‍ പാര്‍ട്ടിയുടെ ഉറച്ച മണ്ഡലമായിരുന്ന പാറശ്ശാലയില്‍ നിന്ന് ജയിച്ച് എം.എല്‍.എയായ ശെല്‍വരാജിനെ 2011ല്‍ ജയസാധ്യത കുറഞ്ഞ നെയ്യാറ്റിന്‍ കരയിലേക്ക് പാര്‍ട്ടി മാറ്റുകയായിരുന്നു. ഇതില്‍ ശെല്‍വരാജിന് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. പാര്‍ട്ടിയില്‍ തന്റെ എതിരാളിയായ ആനാവൂര്‍ നാഗപ്പന്‍ വന്‍ സാമ്പത്തിക കേന്ദ്രമായി വളര്‍ന്നതോടെ പാര്‍ട്ടിക്കുള്ളില്‍ താന്‍ തഴയപ്പെടുകയാണെന്ന തോന്നല്‍ ശെല്‍വരാജില്‍ ശക്തിപ്പെട്ടു.

എന്നാല്‍ 2011ല്‍ നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ നിന്ന് ശെല്‍വരാജ് ജയിച്ചുകയറിയപ്പോള്‍ പാര്‍ട്ടി മണ്ഡലമായ പാറശ്ശാലയില്‍ നാഗപ്പന്‍ 500 വോട്ടിന് തോല്‍ക്കുകയായിരുന്നു. നാഗപ്പന്റെ അപ്രതീക്ഷിതമായ തോല്‍വി ശെല്‍വരാജിനെ പ്രതിക്കൂട്ടിലാക്കി. മണ്ഡലം മാറ്റിയതില്‍ പ്രതിഷേധിച്ച് ശെല്‍വരാജ് നാഗപ്പനെ കാലുവാരിയെന്നാണ് പാര്‍ട്ടി വിലയിരുത്തിയത്. ഇതെ തുടര്‍ന്ന് ഏരിയാ കമ്മിറ്റിയില്‍ നിന്ന് ശെല്‍വരാജിനെ ഒഴിവാക്കുകയും ജില്ലാ ജില്ലാ സമ്മേളന റിപ്പോര്‍ട്ടില്‍ റിപ്പോര്‍ട്ടില്‍ കടുത്ത പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ അധികാരമുപയോഗിച്ച് ആനാവൂര്‍ നാഗപ്പന്‍ പാര്‍ട്ടിയില്‍ സ്വാധീനമുണ്ടാക്കിയെന്നാണ് ശെല്‍വരാജന്‍ പക്ഷം ആരോപിക്കുന്നത്. ഇനിയും ഈ സ്ഥിതിയില്‍ പാര്‍ട്ടിയില്‍ തുടരുന്നത് ഭാവി അപകടത്തിലാക്കുമെന്ന് തിരിച്ചറിഞ്ഞാണ് ശെല്‍വരാജന്‍ രാജിവെച്ചത്.

പാര്‍ട്ടി അണികള്‍ക്കിടയില്‍ ശെല്‍വരാജിന് സ്വാധീനമുണ്ടെങ്കിലും സംഘടനാ ശക്തി നാഗപ്പനൊപ്പമാണ്. കഴിഞ്ഞ പാര്‍ട്ടി സമ്മേളനങ്ങളില്‍ ശെല്‍വരാജന്‍ പക്ഷത്തെ ഒന്നൊന്നായി വെട്ടിനിരത്താന്‍ നാഗപ്പന് കഴിഞ്ഞതും ശെല്‍വരാജനെ അസ്വസ്ഥനാക്കിയിരുന്നു. ശെല്‍വരാജന്റെ അണികളില്‍ പലര്‍ക്കും മെംബര്‍ഷിപ്പ് പുതുക്കി നല്‍കാതിരുന്നു. ഇതിനെതിനെ നേതൃത്വത്തോട് പരാതിപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. കോടിയേരി ബാലകൃഷ്ണനുമായി ശെല്‍വരാജിന് അടുത്ത ബന്ധമുണ്ടായിരുന്നുവെങ്കിലും നാഗപ്പന്റെ നേതൃത്വത്തില്‍ നടന്ന വെട്ടിനിരത്തലിനെ തടയാന്‍ അതുകൊണ്ട് കഴിഞ്ഞില്ല.

പാര്‍ട്ടിയില്‍ പാറശ്ശാല നെയ്യാറ്റിന്‍കര മേഖലയിലെ വി.എസ് പക്ഷക്കാരുടെ പിന്തുണ ശെല്‍വരാജിനാണെങ്കിലും അദ്ദേഹം പ്രഖ്യാപിത വി.എസ് പക്ഷക്കാരനല്ല. പാര്‍ട്ടിയില്‍ തരാതരം നോക്കി ആര്‍ക്കൊപ്പവും നില്‍ക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. എന്നാല്‍ രാജി പ്രഖ്യാപിച്ചുകൊണ്ട് ശെല്‍വരാജന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ താന്‍ വി.എസ് പക്ഷക്കാരനാണെന്ന് വരുത്താന്‍ ചില ശ്രമങ്ങള്‍ നടത്തുന്നുണ്ട്. വ്യക്തിഹത്യ പാടില്ലെന്ന പി.ബി. നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായി ലംഘിച്ചുകൊണ്ടാണ് പാര്‍ട്ടി സമ്മേളനം നടന്നതെന്നും സംസ്ഥാന സമ്മേളനത്തില്‍ ഒരു നേതാവിനെ വ്യക്തിഹത്യ നടത്താന്‍ മാത്രമാണ് ചേര്‍ന്നതെന്നുമായിരുന്നു ശെല്‍വരാജിന്റെ പരാമര്‍ശനം. താന്‍ വി.എസ് പക്ഷത്തിനൊപ്പമാണെന്നും അതുകാരണമാണ് താന്‍ പീഡിപ്പിക്കപ്പെട്ടതെന്നും വരുത്തിത്തീര്‍ക്കാനാണ് ശെല്‍വരാജ് ശ്രമിച്ചതെന്നും വിലയിരുത്തുന്നുണ്ട്.

Malayalam news

Kerala news in English

Tagged with: |