എഡിറ്റര്‍
എഡിറ്റര്‍
അഞ്ചാം മന്ത്രി വര്‍ഗ്ഗീയ പ്രീണനം; ആര്‍.എസ്.എസ് രഥയാത്രക്കൊരുങ്ങുന്നു
എഡിറ്റര്‍
Thursday 19th April 2012 2:47pm

മംഗലാപുരം: അഞ്ചാം മന്ത്രിയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ വര്‍ഗ്ഗീയ പ്രീണനം നടത്തുകയാണെന്നാരോപിച്ച് ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ സംഘപരിവാര്‍ കേരളത്തില്‍ രഥയാത്രക്കൊരുങ്ങുന്നു. മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന യാത്ര മെയ് രണ്ടാം വാരത്തിലായിരിക്കും തുടങ്ങുക. യാത്ര ചിലപ്പോള്‍ നെയ്യാറ്റിന്‍കര വരെ നീളാനും സാധ്യതയുണ്ട്.

ഇന്നലെ കൊച്ചിയിലെ ആര്‍.എസ്.എസ്. പ്രാന്ത കാര്യാലയത്തില്‍ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. സംഘ് പരിവാറിന്റെ നേതാക്കളായ എസ്.സേതുമാധവന്‍, പി.ആര്‍.ശശിധരന്‍, കുമ്മനം രാജശേഖരന്‍, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഹിന്ദു ഐക്യവേദിയുടെ ബാനറില്‍ നടത്തുന്ന രഥയാത്രയില്‍ കേരളത്തിലെയും കര്‍ണാടകത്തിലെയും സംന്യാസിവര്യന്മാരെയും മഠാധിപതികളെയും അണിനിരത്താന്‍ പരിപാടിയുണ്ട്. മൃദുസമീപനം ഉപേക്ഷിച്ച് വര്‍ഗീയകക്ഷികള്‍ക്കെതിരെ ആഞ്ഞടിക്കാനാണ് കൊച്ചിയിലെയോഗത്തില്‍ തീരുമാനമായത്. ആദ്യപടിയായി പോസ്റ്റര്‍ പ്രചാരണം നടക്കും. ‘കേരളത്തെ കോണ്‍ഗ്രസ്സ് മുസ്‌ലീം ലീഗിന് തീറെഴുതി’ എന്ന തലക്കെട്ടില്‍ പോസ്റ്ററുകള്‍ തയ്യാറായിക്കഴിഞ്ഞു.

രഥയാത്രയ്ക്കുമുമ്പ് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന ബി.ജെ.പി.യുടെ സംസ്ഥാനസമ്മേളനം വന്‍ വിജയമാക്കാനും തീരുമാനമുണ്ട്. മുഴുവന്‍ സമുദായസംഘടനകള്‍ക്കും ഒന്നിച്ചുനില്‍ക്കാനാകുന്ന പൊതുരാഷ്ട്രീയനയരേഖ സമ്മേളനത്തില്‍ രൂപപ്പെടുത്തും. എന്‍.എസ്.എസ്., എസ്.എന്‍.ഡി.പി., പോലുള്ള സംഘടനകള്‍ക്കൊപ്പം ചെറുകിട സമുദായ സംഘടനകള്‍ക്കും പ്രാതിനിധ്യംനല്‍കുന്നതാവും നയരേഖ. യു.ഡി.എഫിന്റെ വര്‍ഗീയപ്രീണനം തുറന്നുകാട്ടുന്ന ലഘുലേഖകളുമായി ഗൃഹസമ്പര്‍ക്കപരിപാടിയും നടത്താനും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം ബി.ജെ.പി സംസ്ഥാന സമ്പൂര്‍ണ സമ്മേളനം തൃശൂരില്‍ മെയ് 10 മുതല്‍ 13വരെ നടക്കും. സമ്പൂര്‍ണ്ണ സംസ്ഥാന സമ്മേളനത്തിന് തൃശൂരില്‍ ഒരുക്കങ്ങള്‍ തുടങ്ങി. മെയ് 10മുതല്‍ 13 വരെ വടക്കുന്നാഥക്ഷേത്രമൈതാനിയിലാണ് സമ്മേളനം നടക്കുകയെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ശ്രീശന്‍, വക്താവ് ജോര്‍ജ്ജ് കുര്യന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 12ന് ഒരു ലക്ഷംപേരുടെ പ്രകടനം നടക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ലോക്‌സഭ പ്രതിപക്ഷനേതാവ് സുഷമ സ്വരാജ് ഉദ്ഘാടനം ചെയ്യും. 13ന് 15,000 പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം ബിജെപി അഖിലേന്ത്യ പ്രസിഡണ്ട് നിധിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്യും.

Malayalam News

Kerala News in English

Advertisement