എഡിറ്റര്‍
എഡിറ്റര്‍
ആര്‍.എം.പി സംസ്ഥാനപാര്‍ട്ടിയാവുന്നു
എഡിറ്റര്‍
Wednesday 13th November 2013 7:43am

tp-chandras

കണ്ണൂര്‍: 2008 ല്‍ ടി.പി ചന്ദ്രശേഖരന്‍ രൂപം നല്‍കിയ റെവല്യൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടിയാകുന്നു.

നവംബര്‍ 17, 18 തിയ്യതികളില്‍ കോാഴിക്കോട്ട് വച്ച് നടത്തുന്ന സംസ്ഥാന കണ്‍വെന്‍ഷനില്‍ പാര്‍ട്ടിയുടെ ഭരണഘടനയും പരിപാടിയും അംഗീകരിക്കും. പാര്‍ട്ടി രൂപീകരണത്തിന് ശേഷം സംസ്ഥാനത്തെ വി.എസ് അനുകൂലികളുടെ പിന്‍തുണ നേടാനുള്ള നീക്കവും നടക്കും.

കെ.എസ് ഹരിഹരന്റെയും മറ്റും നേതൃത്വത്തില്‍ രൂപീകരിച്ച ഇടതുപക്ഷ ഏകോപന സമിതിയും സി.പി.ഐ.എം നാട്ടികാ ഏരിയാ കമ്മിറ്റി അംഗമായിരുന്ന ടി.എല്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള തളിക്കുളം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ആര്‍.എം.പി യില്‍ ലയിക്കും.

സി.പി.ഐ.എം വിട്ടവര്‍ ദേശീയതലത്തില്‍ സംഘടിക്കുന്നതിന്റെ ഭാഗമായും ആര്‍.എം.പി സംസ്ഥാനപാര്‍ട്ടിയാകുന്നതിനെ കാണാം. ഒരു പതിറ്റാണ്ടിലേറെയായി സി.പി.ഐ.എമ്മിനകത്ത് വിമര്‍ശിക്കുന്നവരെ ഏകപക്ഷീയമായി പുറത്താക്കുന്ന നടപടിയും അഴിമതിയും ജനാധിപത്യമില്ലായ്മയുമെല്ലാമാണ് പുതിയ പാര്‍ട്ടി രൂപീകരണത്തിന് വഴിയൊരുക്കിയതെന്ന് സംഘാടകര്‍ പറയുന്നു.

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമാകും പുതിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയതല രൂപീകരണം.

സി.പി.ഐ.എം മുന്‍ കേന്ദ്ര കമ്മിറ്റിഅംഗങ്ങളും പഞ്ചാബിലെ നേതാക്കളുമായ മംഗത് റാവു, ഹര്‍കര്‍മല്‍ സിങ്, ജെ.എന്‍.യു വിലെ എസ്.എഫ്.ഐ നേതാവായിരുന്ന  ഡോ: പ്രസേല്‍ജിത് തുടങ്ങിയവരാണ് ദേശീയതലത്തില്‍ സി.പി.ഐ.എം വിമതരെ ഏകോപിപ്പിക്കുന്നത്.

ഹര്‍കര്‍മല്‍ സിങ് ആണ് ആര്‍ .എം.പി യുടെ സംസ്ഥാനകണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നത്. തമിഴ്‌നാട്ടില്‍ ഗംഗാധറിന്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട്  മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി  മഹാരാഷ്ട്രയിലെ ഗോദാവരി പരുലേക്കര്‍ മാര്‍ക്‌സിസ്റ്റ് വിചാര്‍മഞ്ച് എന്നീ സംഘടനകളുടെ പ്രതിനിധികളും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

എല്ലാ അധികാരങ്ങളും സെക്രട്ടറിയില്‍ കേന്ദ്രീകരിക്കുന്ന രീതിയാണ് ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടേത്. അതിന് പകരം ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന സംഘടനാരൂപമാണ് ആര്‍.എം.പി വിഭാവനം ചെയ്യുന്നത്.

പാര്‍ട്ടിക്ക് ഒരു ചെയര്‍മാനും കണ്‍വീനറും ഉണ്ടാകും.

1986 ല്‍ എം.വി രാഘവന്റെ നേതൃത്വത്തില്‍ സി.എം.പി യും 1994 ല്‍ കെ.ആര്‍ ഗൗരിയമ്മയുടെ നേതൃത്വത്തില്‍ ജെ.എസ്.എസ്സും രൂപീകരിച്ച ശേഷം സി.പി.എം വിമതര്‍ രൂപം നല്‍കുന്ന മറ്റൊരു പാര്‍ട്ടിയാകും ഇത്.

Advertisement