ന്യൂദല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെകേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചതായി വിവരാവകാശ രേഖ. മുഖ്യമന്ത്രി പളനിസ്വാമിയ്ക്ക് പുറമെ ആരോഗ്യമന്ത്രി സി. വിജയഭാസ്‌കര്‍, എ.ഐ.എ.ഡി.എം.കെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരന്‍ എന്നിവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്.

വിവരാവകാശ പ്രകാരം നല്‍കിയ അപേക്ഷയ്ക്ക് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ആര്‍.കെ നഗറിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിലാണ് കമ്മീഷന്റെ നിര്‍ദ്ദേശം. ഏപ്രില്‍ 12-നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്.


Also Read: പുതുവൈപ്പിനിലെ ലാത്തിച്ചാര്‍ജ് പ്രാകൃതവും നീതീകരിക്കാന്‍ കഴിയാത്തതുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല


എന്നാല്‍ ഇതിന് മുന്‍പായി മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. കൂടാതെ ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പണം വിതരണം ചെയ്തതിന്റെ രേഖകള്‍ ആദായനികുതി വകുപ്പിലെ അധികൃതര്‍ പിടിച്ചെടുത്തിരുന്നു.

ആരോഗ്യമന്ത്രി സി. വിജയഭാസ്‌കറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 90 കോടിയോളം രൂപ ആര്‍.കെ നഗര്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്തുവെന്ന് വ്യക്തമാക്കുന്ന രേഖകള്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. പളനിസ്വാമി അടക്കമുള്ള ഏഴ് മുതിര്‍ന്ന എ.ഐ.എ.ഡി.എം.കെ നേതാക്കളുടെ നേതൃത്വത്തിലാണ് പണം വിതരണം ചെയ്തതെന്നും സൂചന ലഭിച്ചിരുന്നു.


Don’t Miss: ശശി തരൂരിനെ കോപ്പിയടിച്ച് പ്രധാനമന്ത്രി; മാസങ്ങള്‍ക്ക് മുന്‍പ് തരൂര്‍ പറഞ്ഞ കാര്യം ഇന്നലെ പറഞ്ഞ് നരേന്ദ്രമോദി; നൈസായി ട്രോളി ശശി തരൂര്‍


തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്നാണ് ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജയലളിത രണ്ടുതവണ പ്രതിനിധീകരിച്ചിട്ടുള്ള മണ്ഡലമാണ് ആര്‍.കെ നഗര്‍.