പാലക്കാട്: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സമരം ചെയ്യുന്ന കേരള കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് ആര്‍. ബാലകൃഷ്ണപ്പിള്ളയുടെ വിമര്‍ശനം. മന്ത്രിമാര്‍ ഒറ്റക്ക് സമരം ചെയ്യുന്നത് സര്‍ക്കാറിന്റെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെടുത്തുമെന്ന് പിള്ള പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു. മുല്ലപ്പെരിയാറില്‍ സമരം നടത്തുന്നത് അവസരം മുതലെടുക്കുന്ന ചട്ടമ്പികളാണെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ യു.ഡി.എഫ് ഒരു കൂട്ടായ തീരുമാനമെടുത്തിട്ടുണ്ട്. ആ തീരുമാനമനുസരിച്ചാണ് മന്ത്രിമാര്‍ മുന്നോട്ടുപോകേണ്ടത്. ഇല്ലെങ്കില്‍ രാഷ്ട്രീയമായി തിരിച്ചടിയാകും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പറയുന്ന കാര്യങ്ങളില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ മുഖ്യമന്ത്രിയായിരുന്ന അഞ്ചു വര്‍ഷം വി.എസ് എന്തുകൊണ്ട് ചപ്പാത്ത് സന്ദര്‍ശിച്ചില്ലെന്ന് ബാലകൃഷ്ണപിള്ള ചോദിച്ചു.

മനസിലുള്ള കാര്യം പുറത്തുപറയാത്ത ആളാണ് വി.എസ്. പാര്‍ട്ടിയില്‍ മേല്‍ക്കൈ നേടാന്‍ വി.എസ് എന്തും ചെയ്യും. തനിക്കെതിരേ സുപ്രീംകോടതിയില്‍ അദ്ദേഹം തെളിവു നല്‍കിയത് കാര്യമാക്കുന്നില്ലെന്നും ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കെ.എം മാണിയും പി.ജെ ജോസഫും നിരാഹാര സമരം നടത്തിയിരുന്നു. ഇതിനെ വിമര്‍ശിച്ചുകൊണ്ടാണ് പിള്ള ഇപ്പോള്‍ രംഗത്തെത്തിയത്.

Malayalam news, Kerala news in English