Administrator
Administrator
ഇടമലയാര്‍ കേസ്: ബാലകൃഷ്ണപ്പിള്ളക്ക് കഠിന തടവും പിഴയും
Administrator
Thursday 10th February 2011 8:20pm

ന്യൂദല്‍ഹി: ഇടമലയാര്‍ കേസില്‍ ആര്‍.ബാലകൃഷ്ണപ്പിള്ള കുറ്റക്കാരനാണെന്ന് സുപ്രീം കോടതി. ഒരു വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും അടക്കാന്‍ കോടതി വിധിച്ചു. ബാലകൃഷ്ണപ്പിള്ളക്കൊപ്പം മൂന്ന് പേരെയും കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കരാറുകാരന്‍ പി.കെ സജീവും കെ.എസ്.ഇ.ബി മുന്‍ ചെയര്‍മാന്‍ രാമഭദ്രന്‍ നായരുമാണ് മറ്റ് പ്രതികള്‍.

ബാലകൃഷ്ണപ്പിള്ളയെ വെറുതെവിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ വി.എസ് അച്യുതാനന്ദനാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്. 20 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് സുപ്രീംകോടതിയുടെ നിര്‍ണ്ണായക വിധി.

ജസ്റ്റസുമാരായ ബി.സദാശിവം, വി.എസ് ചൈഹാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ശിക്ഷ വിധിച്ചത്. വി.എസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശാന്തിഭൂഷണ്‍ വൈദ്യുതി മന്ത്രിയെന്ന നിലയില്‍ ആര്‍. ബാലകൃഷ്ണപിള്ള സ്വീകരിച്ച നടപടികള്‍ ക്രമക്കേടിനു വഴിവെച്ചുവെന്ന് വാദിച്ചു. വൈദ്യുതി ബോര്‍ഡിനെ നോക്കുകുത്തിയാക്കി മന്ത്രിയെന്ന നിലയില്‍ പിള്ളയാണ് തീരുമാനങ്ങളെടുത്തിരുന്നത്. ടെന്‍ഡര്‍ തുക നിശ്ചയിക്കുന്നതില്‍ മന്ത്രി നേരിട്ട് ഇടപെട്ടിരുന്നു. നേരത്തേ നല്‍കിയതിനേക്കാള്‍ ഏഴിരട്ടി തുകയാണ് പുതിയ കരാറുകാരന് പിള്ള ഇടപെട്ട് നല്‍കിയത്. മൂന്നു കൊല്ലത്തിനകം തുക ഏഴിരട്ടിയാവില്ല അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇടമലയാര്‍കേസില്‍ വിധിപറയവേ സുപ്രീംകോടതി ചില സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. രാഷ്ട്രീയനേതാക്കള്‍ പ്രതിയായ കേസുകളുടെ വിചാരണവൈകുന്നതില്‍ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം ആളുകള്‍ ഉള്‍പ്പെടുന്ന കേസുകളുടെ അന്വേഷണവും വിചാരണയും വേഗത്തിലാക്കാന്‍ ശ്രദ്ധിക്കണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

ഇടമലയാര്‍ അണക്കെട്ട് നവീകരണപ്രവര്‍ത്തനത്തില്‍ കരാറുകാരന് അധികലാഭം ലഭിക്കാന്‍ ബാലകൃഷ്ണപിള്ള നീക്കംനടത്തിയെന്നത് തെളിഞ്ഞെന്നും സുപ്രീംകോടതി വ്യക്തമാക്കി. രണ്ടുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കേസാണിതെന്നും എന്നാല്‍ ഒരുവര്‍ഷം വരെ വാദവും വിചാരണയും നീണ്ടതിനാല്‍ ശിക്ഷ ഒരുവര്‍ഷമാക്കി ചുരുക്കുകയാണെന്നും സുപ്രീംകോടതി വിധിപ്രഖ്യാപിക്കവേ വ്യക്തമാക്കി.

വി.എസ്സിനു വേണ്ടി മാലിനി പൊതുവാള്‍, ദീപക് പ്രകാശ്, സംസ്ഥാന സര്‍ക്കാറിനു വേണ്ടി ആര്‍.എസ്. സോധി, സ്റ്റാന്‍ഡിങ് കോണ്‍സല്‍ പി.വി. ദിനേശ്, ആര്‍. ബാലകൃഷ്ണപിള്ളയ്ക്കു വേണ്ടി അമരീന്ദര്‍ സരീന്‍, ഇ.എം.എസ്. അനാം എന്നിവരാണ് ഹാജരായത്.

ഇടമലയാര്‍ കേസ്
1982 ല്‍ ഇടമലയാര്‍ പദ്ധതിയുടെ ടണലും ഷാഫ്റ്റും നിര്‍മിക്കുന്നതിന് അധിക തുകയ്ക്ക കരാര്‍ നല്‍കിയതു വഴി സംസ്ഥാന ഖജനാവിനു 2 കോടി രൂപയുടെ നഷ്ടം ഉണ്ടായി എന്നാണു കേസ്. 1985 ല്‍ വിജിലന്‍സ് കമ്മിഷന്‍ അന്വേഷിച്ച കേസാണിത്. ഇതേത്തുടര്‍ന്നു ജസ്റ്റിസ് സുകുമാരന്‍ അധ്യക്ഷനായ അന്വേഷണ സമിതിയും കേസ് അന്വേഷിച്ചു ബാലകൃഷ്ണപിള്ള അടക്കമുള്ളവരെ കുറ്റക്കാരാണെന്നു പ്രഖ്യാപിച്ചിരുന്നു.

കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍ ഇതിനെതിരേ വി.എസ്. അച്യുതാനന്ദന്‍ വീണ്ടും കോടതിയെ സമീപിച്ചു. തുടര്‍ന്നാണു വിചാരണ നടത്താമെന്നു സുപ്രീംകോടതി ഉത്തരവിട്ടത്. വിചാരണ കോടതി ബാലകൃഷ്ണ പിള്ള ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് അഞ്ചു വര്‍ഷം തടവ് വിധിച്ചു. ഇതിനെതിരേ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ശിക്ഷ റദ്ദാക്കി. ഇതിനെതിരേ വി.എസ്. അച്യുതാനന്ദന്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.

സുപ്രീംകോടതിയുടെ വിധി മുഖ്യമന്ത്രി അച്ച്യുതാനന്ദന് കൂടുതല്‍ കരുത്തു നല്‍കും. അഴിമതിക്കെതിരേ സന്ധിയില്ലാ സമരം നടത്തുമെന്ന തന്റെ പ്രഖ്യാപനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഇടമലയാര്‍ കേസിലെ വിധി അച്ച്യുതാനന്ദനെ സഹായിക്കുമെന്നത് ഉറപ്പാണ്.

വി.എസിന്റെ പോരാട്ട വിജയം

ഇടമലയാര്‍ കേസില്‍ ആര്‍. ബാലകൃഷ്ണപ്പിള്ളക്കെതിരെ വി.എസ് അച്യുതാനന്ദന്‍ നടത്തിയ പോരാട്ടത്തിന്റെ വിജയം കൂടിയാണ് ഇ്‌പ്പോഴത്തെ വിധി. 1998ലാണ് കേസില്‍ ബാലകൃഷ്ണപ്പിള്ളയെ വെറുതെ വിട്ടുകൊണ്ട് കോടതി വിധിയുണ്ടാകുന്നത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയെങ്കിലും കീഴ്‌ക്കോടതി വിധി ഹെക്കോടതി അംഗീകരിച്ചു.

ഇതിനെതിരെ സംസ്ഥാനം അപ്പീല്‍ ഹരജി പോവാന്‍ വിസമ്മതിച്ചപ്പോള്‍ പ്രതിപക്ഷ നേതാവായിരിക്കെ വി.എസ് അച്യുതാനന്ദനാണ് 2005ല്‍ സുപ്രീം കോടതിയില്‍ പോയത്. 2006ല്‍ അപ്പീല്‍ പരഗിണിച്ച കോടതി പിന്നീട് തുടര്‍ നടപടികളൊന്നും സ്വീകരിച്ചില്ല. ഇതെ തുടര്‍ന്ന് കേസ് വേഗത്തില്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് വി.എസ് വീണ്ടും അപേക്ഷ നല്‍കി. ഇതനുസരിച്ചാണ് കോടതി കേസ് നടപടികള്‍ വേഗത്തിലാക്കി വിധി പ്രസ്താവിച്ചത്.

സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ പോകാത്ത കേസില്‍ വി.എസിന് സ്വന്തം നിലയില്‍ അപ്പീല്‍ പോവാന്‍ അവകാശമില്ലെന്നായിരുന്നു ബാലകൃഷ്ണപ്പിള്ളയുടെ അഭിഭാഷകര്‍ പ്രധാനമായും ആരോപിച്ചത്. എന്നാല്‍ കോടതി ഈ വാദം അംഗീകരിച്ചല്ല.

Advertisement