എഡിറ്റര്‍
എഡിറ്റര്‍
തന്നെ മന്ത്രിയാക്കാതിരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു, എന്‍.എസ്.എസിനെ തെറിപറഞ്ഞ മകനെ ഓര്‍ത്തു ലജ്ജിക്കുന്നു: ബാലകൃഷ്ണപിള്ള
എഡിറ്റര്‍
Thursday 10th May 2012 4:54pm

കൊട്ടാരക്കര: യു.ഡി.എഫ് നേതൃത്വത്തിനെതിരേയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരേയും രൂക്ഷവിമര്‍ശനവുമായി കേരള കോണ്‍ഗ്രസ്-ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ള രംഗത്ത്. മുഖ്യമന്ത്രിയും ചെന്നിത്തലയും തന്നെ അപമാനിച്ചതായി ബാലകൃഷ്ണപിള്ള ആരോപിച്ചു. കൂടാതെ തന്നെ മന്ത്രിയാക്കാതിരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും ബാലകൃഷ്ണപിള്ള പറഞ്ഞു.

ഗണേഷുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്നാണ് തന്റെ വിശ്വാസം. ഇതിനായി മുഖ്യമന്ത്രിയെയോ കെ.പി.സി.സി പ്രസിഡന്റിനെയോ ആശ്രയിക്കില്ല. യു.ഡി.എഫ് നല്‍കുന്ന  പിന്തുണയാണ് ഗണേഷിന്റെ അഹങ്കാരത്തിന് കാരണമെന്നും പിള്ള വ്യക്തമാക്കി.

എന്‍.എസ്. എസിനെ തെറിപറഞ്ഞ മകനെ ഓര്‍ത്ത് താന്‍ ലജ്ജിക്കുന്നുവെന്നും താന്‍ ചെയ്ത കൊടുംപാപത്തിന്റെ ഫലമാണ് ഗണേഷെന്നും ബാലകൃഷ്ണപിളള പറഞ്ഞു.

ഗണേഷ്‌കുമാറുമായുള്ള അഭിപ്രായവ്യത്യാസം പരിഹരിച്ചെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിയല്ലെന്ന് ബാലകൃഷ്ണപിള്ള രാവിലെ പറഞ്ഞിരുന്നു. പാര്‍ട്ടിയില്‍ ഗണേഷിനൊപ്പം ആരുമില്ല. 13ാം തിയ്യതി ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഗണേഷിന്റെ കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാകുമെന്നും പിള്ള വ്യക്തമാക്കി.

പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നോടൊപ്പമുണ്ടെന്ന ഗണേഷിന്റെ കത്ത് മുഖ്യമന്ത്രി സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അത് ശരിയല്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

യു.ഡി.എഫ് സീറ്റുകളില്‍ വിജയിച്ച ജനപ്രതിനിധികളെ കേരളകോണ്‍ഗ്രസ്- ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള പലതരത്തില്‍ ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണവുമായി ഗണേഷ്‌കുമാര്‍ വിഭാഗം ഉമ്മന്‍ചാണ്ടിക്കും യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനും കത്തു നല്‍കിയിരുന്നു.

പാര്‍ട്ടിയുടെ സംസ്ഥാന സമിതി മുതല്‍ വാര്‍ഡുതലം വരെയുള്ള ഭാരവാഹികളെ കാരണമില്ലാതെ ഒഴിവാക്കുന്നു. പകരം പാര്‍ട്ടിയുമായി ബന്ധമില്ലാത്തവരെയും സി.പി.ഐ.എമ്മിന്റെ പോഷക സംഘടനാ നേതാക്കളെയും ഉള്‍പ്പെടുത്തുന്നു. കൊല്ലം ജില്ലാ പ്രസിഡന്റിനെ നീക്കി ആക്ടിംഗ് പ്രസിഡന്റായി, സി.പി.ഐ.എമ്മിന്റെ പോഷക സംഘടനയായ വ്യാപാരി വ്യവസായ സമിതിയുടെ ചെങ്ങമനാട് യൂണിറ്റ് പ്രസിഡന്റിനെ നിയോഗിച്ചു. ജില്ലാ സെക്രട്ടറിയായി ജേക്കബ് വിഭാഗത്തിന്റെ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന ഭാരവാഹിയെ നിയോഗിച്ചു. ജില്ലാ- ബ്ലോക്ക് പഞ്ചായത്തുകളിലെ മുഴുവന്‍ അംഗങ്ങളും ഭൂരിപക്ഷം ഗ്രാമപഞ്ചായത്ത് അംഗങ്ങളും തങ്ങള്‍ക്കൊപ്പമാണ്. ഇതിന്റെ പേരില്‍ ജനപ്രതിനിധികളെ അയോഗ്യരാക്കുമെന്നു നിരന്തരം ഭീഷണിപ്പെടുത്തുന്നു. തുടങ്ങിയ കാര്യങ്ങളായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്.

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനുശേഷം പ്രശ്‌നത്തില്‍ ഇടപെട്ടു പരിഹരിക്കാമെന്നു ഇരുവരും ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.

Advertisement