തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയെ സര്‍ക്കാര്‍ മോചിപ്പിക്കുന്നു. കേരളപ്പിറവിദിനത്തോട് അനുബന്ധിച്ചാണ് പിള്ളയടക്കമുള്ള 138 പേരെ സര്‍ക്കാര്‍ മോചിപ്പിക്കുന്നത്. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.

പിള്ളയടക്കം രണ്ടായിരത്തി അഞ്ഞൂറ് പേര്‍ക്ക് ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ശിക്ഷയില്‍ ഇളവ് ലഭിക്കും. മൂന്ന് മാസം തടവ് ശിക്ഷലഭിച്ചവര്‍ക്ക് 15 ദിവസത്തെ ഇളവ് ലഭിക്കും. മറ്റ് ഇളവുകള്‍ ഇങ്ങനെയാണ്. ആറ് മാസം ശിക്ഷിക്കപ്പെട്ടവര്‍ക്ക് ഒരുമാസവും, ആറ് മാസം മുതല്‍ ഒരുവര്‍ഷം വരെയുള്ളവര്‍ക്ക് രണ്ട് മാസവും, ഒരുവര്‍ഷം മുതല്‍ രണ്ട് വര്‍ഷംവരെ ശിക്ഷലഭിച്ചവര്‍ക്ക് മൂന്ന് മാസവും, രണ്ടുമുതല്‍ അഞ്ച് വര്‍ഷം വരെയുള്ളവര്‍ക്ക് അഞ്ച് മാസത്തെ ഇളവും ലഭിക്കും. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് 1 വര്‍ഷത്തെ ഇളവും ലഭിക്കും.

Subscribe Us:

ഇടമലയാര്‍ കേസില്‍ സുപ്രീംകോടതി ശിക്ഷിച്ചയാളാണ് ആര്‍. ബാലകൃഷ്ണപിള്ള. സുപ്രീംകോടതി ശിക്ഷിച്ചയാള്‍ക്ക് ഇതാദ്യമായാണ് ഇളവ് നല്‍കുന്നത്. സര്‍ക്കാര്‍ ഉത്തരവനുസരിച്ച് പിള്ളയ്ക്ക് നാളെ പുറത്തിറങ്ങാം. നവംബര്‍ 23നായിരുന്നു പിള്ളപുറത്തിറങ്ങേണ്ടിയിരുന്നത്. പുതിയ ഉത്തരവ് പ്രകാരം 22 ദിവസത്തെ ഇളവ് ലഭിക്കും.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, സാമുദായിക സംഘര്‍ഷങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ തുടങ്ങിയ ചില പ്രത്യേക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക് ഈ ഉത്തരവ് പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കില്ല.

malayalam news