എഡിറ്റര്‍
എഡിറ്റര്‍
ഗണേഷിന്റെ അഹങ്കാരം മൂര്‍ധന്യത്തില്‍, പാര്‍ട്ടിക്ക് വിധേയനാവാത്തയാളെ വേണ്ട: ബാലകൃഷ്ണപിള്ള
എഡിറ്റര്‍
Tuesday 27th March 2012 12:53pm

തിരുവനന്തപുരം: പാര്‍ട്ടിക്ക് വിധേയനാകാത്ത മന്ത്രിയെ തങ്ങള്‍ക്ക് വേണ്ടെന്ന് കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള.  മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെക്കൊണ്ട് സഹികെട്ടുവെന്നും പിള്ള പറഞ്ഞു. കേരള കോണ്‍ഗ്രസ് ബി യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തിലാണ് പിള്ള നിലപാട് വ്യക്തമാക്കിയത്.

പാര്‍ട്ടിയെ വേണ്ടാത്ത മന്ത്രിയെ പാര്‍ട്ടിക്കും വേണ്ടെന്ന നിലപാട് നാളത്തെ യു.ഡി.എഫ് യോഗത്തില്‍ അറിയിക്കും. യു.ഡി.എഫ് നിലപാട് അറിഞ്ഞശേഷം ഒരാഴ്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കും. പാര്‍ട്ടിയുടെ തീരുമാനം യു.ഡി.എഫ് നേതാക്കളെ വ്യക്തിപരമായി അറിയിച്ചിട്ടുണ്ടെന്നും പിള്ള അറിയിച്ചു.

‘മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍  കേരളാ കോണ്‍ഗ്രസിന്റെ ഒരാള്‍ പോലും ഇല്ല. കേരളാ കോണ്‍ഗ്രസിന്റേതെന്നുമാത്രമല്ല യു.ഡി.എഫിലെ ഏതെങ്കിലും കക്ഷികളില്‍പ്പെട്ടയാളുകള്‍ പോലുമില്ല. സാധാരണയായി ഒരു പാര്‍ട്ടിയില്‍പ്പെട്ടയാള്‍ മന്ത്രിയായാല്‍ പേഴ്‌സണല്‍ സ്റ്റാഫില്‍ ആ പാര്‍ട്ടിയുടെ പ്രവര്‍ത്തകരെയാണ് ഉള്‍പ്പെടുത്തുക. എന്നാല്‍ അങ്ങനെയൊരു മര്യാദപോലും ഗണേഷ്‌കുമാര്‍ കാണിച്ചിട്ടില്ല. മറ്റെല്ലാം പോകട്ടെ മന്ത്രിയെ ജയിപ്പിച്ച പത്തനാപുരം മണ്ഡലത്തിലെ ആളുകളെപ്പോലും പേഴ്‌സണല്‍ സ്റ്റാഫിന്റെ കൂട്ടത്തില്‍ കാണാനാവില്ല. മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയുടെ അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ കൊല്ലം ജില്ലാ സെക്രട്ടറിയെയാണ് മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. ‘ പിള്ള വ്യക്തമാക്കി.

‘രാഷ്ട്രീയമായ പരിജ്ഞാനം ഇല്ലാത്തതാവാം ഗണേഷ് ഇങ്ങിനെ ചെയ്യാന്‍ കാരണം. കഴിഞ്ഞ ഒമ്പത് മാസമായി ഞങ്ങള്‍ ഇത് സഹിക്കുകയാണ്. ഭൂമിയോളം സഹിച്ച് ഇതുവരെ ഞങ്ങള്‍ നിന്നുകൊടുത്തു. എന്നാല്‍ അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ യാതൊരു മാറ്റവുമില്ല. ഗണേഷ്‌കുമാറിന് അഹങ്കാരം അതിന്റെ മൂര്‍ധന്യത്തിലെത്തിയിരിക്കുകയാണ്.’

”യു.ഡി.എഫ് ഉണ്ടാക്കിയവരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവുമധികം സര്‍വ്വീസ് ഉള്ളയാളെന്ന നിലയില്‍ യു.ഡി.എഫിന് എന്റെ അഭിമാനം കാക്കേണ്ട ചുമതലയുണ്ട്. എന്റെ പാര്‍ട്ടിയിലുള്ളവരുടെയും എന്റെയും അഭിമാനം കാത്തുസൂക്ഷിക്കണം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ മന്ത്രിയെ പിന്‍വലിക്കാന്‍ അവര്‍ ആവശ്യപ്പെട്ടാനുണ്ടായ സാഹചര്യം ഇവിടെയും വന്ന് ചേര്‍ന്നിരിക്കുകയാണ്. കേരളത്തിലും ഈ രീതി സ്വീകരിക്കേണ്ടി വന്നാല്‍ കൂട്ടുകക്ഷിമന്ത്രിസഭയെന്ന നിലയില്‍ അതാത് പാര്‍ട്ടികളുടെ ആവശ്യം അംഗീകരിക്കേണ്ട ചുമതല കോണ്‍ഗ്രസിനുണ്ട്. വകുപ്പുകളും മന്ത്രിസ്ഥാനവും പാര്‍ട്ടിക്കാണ് നല്‍കുന്നത്. വ്യക്തികള്‍ക്കല്ല. പാര്‍ട്ടിക്ക് നല്‍കുന്ന വകുപ്പുകളില്‍ കോണ്‍ഗ്രസിന് യാതൊരു അവകാശവുമില്ല. ആ ഒരു മാനദണ്ഡം തന്നെയാണ് ഇവിടെയും ഉപയോഗിക്കുക.’

‘യു.ഡി.എഫ് ഞങ്ങളുടെ ആവശ്യത്തെ അംഗീകരിച്ചില്ലെങ്കില്‍ അതിനെ ദുര്‍ബലപ്പെടുത്തുന്ന ഒരു കാര്യവും ചെയ്യില്ല. വേറെ ചില കാര്യങ്ങള്‍ ചെയ്യും. അതിപ്പോള്‍ പറയാനാവില്ല. ആദ്യം കുഞ്ഞ് ആണോ പെണ്ണോ എന്നറിയട്ടെ, മറ്റ് കാര്യം പിന്നീട് തീരുമാനിക്കാം. ‘

‘ഇനിയുള്ള ദിവസങ്ങളിലെങ്കിലും പാര്‍ട്ടിക്ക് വിധേയനായി മന്ത്രിയ്ക്ക് കഴിയാനാവുമോയെന്ന് നോക്കും. ഞങ്ങള്‍ മാത്രമല്ല മന്ത്രിയ്‌ക്കെതിരെ പരാതി പറയുന്നത്. നേരത്തെ എന്‍.എസ്.എസ് ജനറല്‍ കൊല്ലം ജനറല്‍ സെക്രട്ടറി പലതവണ നേരില്‍കാണണമെന്ന് ആവശ്യപ്പെട്ടിട്ടും മന്ത്രി അദ്ദേഹത്തെ കാണാന്‍ കൂട്ടാക്കിയില്ല. പാര്‍ട്ടി പ്രവര്‍ത്തകരോട് പോലും വളരെ മോശമായാണ് അയാള്‍ പെരുമാറുന്നത്. ഞങ്ങളുടെ പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റിനോട് ഫോണില്‍ പറഞ്ഞത് കയ്യും കാലും തല്ലിയൊടിക്കുമെന്നാണ്. ‘

‘എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടില്ല. രാജിവെക്കണമെന്ന് അദ്ദേഹത്തിന് തോന്നുകയാണെങ്കില്‍ രാജിവെക്കട്ടെ. പത്തനാപുരത്ത് വേറെ തിരഞ്ഞെടുപ്പ് നടത്തും. ‘ ബാലകൃഷ്ണപിള്ള പറഞ്ഞു.

Malayalam news

Kerala news in English

Advertisement