ന്യൂദല്‍ഹി: ഇടമലയാര്‍ കേസില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി പിന്‍വലിക്കാന്‍ മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ ആര്‍ ബാലകൃഷ്ണപിള്ള അപേക്ഷ നല്‍കി. ഹരജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പിന്‍വലിക്കാനുള്ള അപേക്ഷ നല്‍കിയത്.

കേസില്‍ ഒരു വര്‍ഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചത് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ റിവ്യൂ ഹരജി സുപ്രീംകോടതി തള്ളിയതിനെ തുടര്‍ന്നാണിത്. ഹരജി കോടതിയുടെ സമയം പാഴാക്കലാകുമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ പിഴയിടാനുള്ള സാധ്യതയുണ്ടെന്നുമുള്ള നിയമവിദഗ്ധരുടെ ഉപദേശത്തെ തുടര്‍ന്നാണ്  പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

തന്നെ നിയമവിരുദ്ധമായാണ് ജയിലില്‍ പാര്‍പ്പിച്ചതെന്നും മോചിപ്പിച്ച് കോടതിയില്‍ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടാണ് ബാലകൃഷ്ണപിള്ള സുപ്രീംകോടതിയില്‍ ഹേബിയസ് കോര്‍പ്പസ് സമര്‍പ്പിച്ചത്. ഇടമലയാര്‍ കേസില്‍ തന്നെ ശിക്ഷിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും കുറ്റക്കാരനാണെന്ന് വിധിയില്‍ കണ്ടെത്തിയിട്ടില്ലെന്നും ബാലകൃഷ്ണപിള്ള ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.