കൊല്ലം: ചോദ്യപേപ്പര്‍ വിവാദത്തില്‍ മാപ്പുപറയാന്‍ തയാറാകാത്ത ന്യൂമാന്‍ കോളെജ് അധ്യാപകന്‍ ടി.ജെ. ജോസഫിനെ പിരിച്ചു വിടാനുള്ള മാനെജ്‌മെന്റ് തീരുമാനം ശരിയാണെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. അധ്യാപകന്റെ കൈവെട്ടിയതു ദുഷ് കൃത്യമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ വിവാദ ചോദ്യപേപ്പര്‍ തയ്യാറാക്കിയതില്‍ അദ്ദേഹത്തിനു കുറ്റബോധമുണ്ടാകേണ്ടിരുന്നു.

മാപ്പ് എഴുതിക്കൊടുക്കാന്‍ നിര്‍ദേശിക്കുന്നതിനു പകരം അദ്ദേഹത്തെ സഹായിക്കാന്‍ പണപ്പിരിവു നടത്തുന്ന സി.പി.ഐ.എമ്മിന്റെ ധാര്‍മികത നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു

സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന്‍ പക്ഷപാതപരമായി പെരുമാറുകയാണ്. പ്രാദേശിക പാര്‍ട്ടികളുടെ ചിഹ്നം സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് അനുവദിച്ചതു യു.ഡി.എഫിനെ ദ്രോഹിക്കാനാണ്. സ്വതന്ത്രര്‍ക്കു നല്‍കാന്‍ പ്രത്യേക ചിഹ്നങ്ങള്‍ നേരത്തേ തീരുമാനിച്ചരുന്നതാണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഈ തീരുമാനം കമ്മിഷന്‍ മാറ്റിമറിക്കുകയായിരുന്നു. പല സ്വതന്ത്രരും യു.ഡി.എഫാണെന്ന ധാരണ വരുത്താനുള്ള ശ്രമമാണു തീരുമാനത്തിനു പിന്നിലുള്ളതെന്നും ആര്‍. ബാലകൃഷ്ണപിള്ള ആരോപിച്ചു.