എഡിറ്റര്‍
എഡിറ്റര്‍
ഈ ചിത്രം പറഞ്ഞുകൊണ്ടിരിക്കുന്നത്‌
എഡിറ്റര്‍
Friday 8th November 2013 11:24am

ഗര്‍ഭിണിയായ ഭാര്യയും മകളും ഉള്‍പ്പെടുന്ന തന്റെ കുടുംബത്തെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പട്ടാളക്കാരുടെ വാഹനത്തിന് മുന്നില്‍ കരഞ്ഞ് കൊണ്ട് കൈകൂപ്പി നില്‍ക്കുന്ന അന്‍സാരിയുടെ മുഖം പകര്‍ത്തിയത് റോയിറ്റേഴ്‌സ് ഫോട്ടോ ജേണലിസ്റ്റായ അര്‍കോ ദത്തയാണ്. ദത്തയുടെ നിര്‍ബന്ധ പ്രകാരം പിന്നീട് അന്‍സാരിയേയും കുടുംബത്തേയും പട്ടാളക്കാര്‍ രക്ഷിക്കുകയായിരുന്നു.


quthubudheen-ansari

എസ്സെയ്‌സ്/ ഹൈറുന്നിസ

കുത്ബുദ്ധീന്‍ അന്‍സാരി ഒരേ സമയം ഒരു ചിരിയും ഒരു കരച്ചിലുമാണ്. ഗുജറാത്ത് കലാപത്തിന്റെ വേദനയെ ലോകത്തോട് സംവേദനം ചെയ്ത അന്‍സാരിയുടെ മുഖം കേരളത്തിനും മറക്കാനാവില്ല. കേരളത്തില്‍ അന്‍സാരിയുടെ ആദ്യ  സന്ദര്‍ശനമാണ്. ഇടതുപക്ഷ നേതൃത്വത്തിലുള്ള ‘മുഖ്യധാര’ എന്ന മാസികയുടെ പ്രകാശനത്തിനാണ് അന്‍സാരി കേരളത്തിലെത്തുന്നത്.

കുത്ബുദ്ധീന്‍ അന്‍സാരിയെ അത്ര പെട്ടെന്നൊന്നും ഒരു കൊടിക്കും കീഴടക്കാനാവില്ല. വീട് നഷ്ടമായ, മണ്ണ് നഷ്ടമായ, സ്വന്തം വിലാസം നഷ്ടമായ അനേകം ഇരകളുടെ നേതാവില്ലാ പാര്‍ട്ടിയുടെ പ്രതിനിധിയാണ് അന്‍സാരി. തനിക്ക് രാഷ്ട്രീയമില്ലെന്ന് പറയുമ്പോഴും അന്‍സാരി പറയാതെ പറഞ്ഞു വെക്കുന്നത് ഇത് തന്നെയാണ്.

കലാപത്തിന്റെ ഓര്‍മ്മകള്‍ ഒരു പതിറ്റാണ്ടിന്റെ കറുപ്പ് തിന്ന് കഴിഞ്ഞു. ഇപ്പോഴും അന്‍സാരിയെ പോലുള്ള ഇരകള്‍ തെരുവുകളില്‍ ഇറങ്ങുന്നത് അദൃശ്യമായ ആയുധങ്ങള്‍ മുന്നില്‍ കണ്ട് കൊണ്ടാണ്. ഭീകരമായ ഒരു നിലവിളിയുടെ വേര് തൊണ്ടയില്‍ ഒളിപ്പിച്ച് കൊണ്ടാണ് ഇവരുടെ ഓരോ ചിരിയും.

2002ല്‍ ഗുജറാത്തില്‍ കലാപം വ്യാപിച്ചപ്പോള്‍ അഹമ്മദാബാദിലെ തങ്ങളുടെ ഫ്‌ലാറ്റില്‍ അക്രമികള്‍ക്കിടയില്‍ കുടുങ്ങിപ്പോയ അന്‍സാരിയും കുടുംബവും ജീവിതത്തിലേക്ക് തിരിച്ച് വരുമെന്ന് ഒരിക്കലും കരുതിയതല്ല.

കത്തിക്കൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് കുടുംബത്തെ രക്ഷിക്കാന്‍ വേണ്ടിയുള്ള അവസാന ശ്രമത്തിലായിരുന്നു അന്ന് അന്‍സാരി.

ഗര്‍ഭിണിയായ ഭാര്യയും മകളും ഉള്‍പ്പെടുന്ന തന്റെ കുടുംബത്തെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പട്ടാളക്കാരുടെ വാഹനത്തിന് മുന്നില്‍ കരഞ്ഞ് കൊണ്ട് കൈകൂപ്പി നില്‍ക്കുന്ന അന്‍സാരിയുടെ മുഖം പകര്‍ത്തിയത് റോയിറ്റേഴ്‌സ് ഫോട്ടോ ജേണലിസ്റ്റായ അര്‍കോ ദത്തയാണ്. ദത്തയുടെ നിര്‍ബന്ധ പ്രകാരം പിന്നീട് അന്‍സാരിയേയും കുടുംബത്തേയും പട്ടാളക്കാര്‍ രക്ഷിക്കുകയായിരുന്നു.

ansariഉണങ്ങിയ ചോരപ്പാടുകളുള്ള കുപ്പായമിട്ട്, കണ്ണില്‍ കെടാന്‍ പോകുന്ന ജീവിതത്തെ കുറിച്ചുള്ള ആളല്‍ നിറച്ച്, കൈ കൂപ്പി നിന്ന് യാചിക്കുന്ന അന്‍സാരിയുടെ മുഖം കലാപത്തിന്റെ ആകെ മുഖമായി ലോകം കണ്ടു.

പിന്നീടങ്ങോട്ട് അന്‍സാരി നിരന്തരം വേട്ടയാടപ്പെട്ട് കൊണ്ടിരുന്നു. ജനിച്ച് വളര്‍ന്ന നാട് ഉപേക്ഷിക്കേണ്ടി വന്നു. എല്ലായിടത്തും അന്‍സാരിയുടെ മുഖം പട്ടികപ്പെടുത്തപ്പെട്ടു. കലാപത്തിലെ ഇര എന്ന പരിവേഷം മാത്രം.

സങ്കീര്‍ണ്ണമായ രാഷ്ട്രീയ-വര്‍ഗീയ പ്രശ്‌നങ്ങളെ കുറിച്ച് ഒരിക്കല്‍ പോലും ചിന്തിക്കാതെ ഒരു സാധാരണക്കാരനായി ജീവിച്ച അന്‍സാരി അങ്ങനെ വംശീയ വേട്ടയുടേയും കലാപത്തിന്റേയും മറ്റ് ചിലപ്പോള്‍ മതേതര പ്രതിരോധത്തിന്റേയും ചിഹ്നമായി മാറി.

എന്നാല്‍ ചിലരെ പ്രകോപിപ്പിച്ച ഈ അടയാളപ്പെടുത്തലില്‍ നിന്ന് എവിടെയും മോചനമില്ലെന്ന് തിരിച്ചറിഞ്ഞ അന്‍സാരി ജോലി തേടി മഹാരാഷ്ട്രയിലേക്ക് പോയി. അവിടെ അന്‍സാരിയെ കാണാന്‍ പത്രപ്രവര്‍ത്തകര്‍ വന്നതോടെ ആ ജോലിയും നഷ്ടമായി.

അടുത്ത പേജില്‍ തുടരുന്നു

Advertisement