ശബീര്‍ ചാത്തമംഗലം

ദമ്മാം: മനുഷ്യന് മാര്‍ഗദര്‍ശനമായി അവതരിക്കപ്പെട്ട ഖുര്‍ആന്‍ ജീവിതത്തിന്റെ ഭരണഘടനയാണെന്ന് കെ.എം ബഷീര്‍ . ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ദമ്മാം ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന പഠിതാക്കളുടെ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഖുര്‍ആന്‍ പഠനം ജീവിത ചര്യയാക്കണമെന്നും പഠിക്കുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ പുലര്‍ത്താന്‍ നിതാന്തശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം ഉണര്‍ത്തി. പ്രവാചകന്റെ അനുചരന്മാര്‍ ഈ കാര്യത്തില്‍ ഉത്തമല്പമാതൃകയായിരുന്നു. മദ്യം വര്‍ജ്ജിക്കാന്‍ ഖുര്‍ആന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടില്ല.

ഫെബ്രുവരിയില്‍ നടത്തിയ വാര്‍ഷിക പരീക്ഷയില്‍ ബദര്‍ റബിഅ മെഡിക്കല്‍ ഡിസ്‌പെന്‍സറിയിലെ ഡോ: അക്ബര്‍ കല്ലിങ്കല്‍ ഒന്നാം റാങ്ക് നേടി. അല്‍ നഖില്‍ സെന്ററിലെ മറിയു ജമാല്‍, ദമ്മാം ടൗണ്‍ സെന്ററിലെ ശാഹിനാ മെഹബൂബ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും റാങ്കുകള്‍ കരസ്ഥമാക്കി.

റാങ്ക് ജേതാക്കള്‍ക്കുള്ള സമ്മാനങ്ങള്‍ കെ.എം ബഷീര്‍, ബുഷ്‌റ സലാഹുദ്ദീന്‍, അനീസ ഷാനവാസ് എന്നിവര്‍ നിര്‍വഹിച്ചു. 85 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയവര്‍ക്കുള്ള സമ്മാനങ്ങള്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ അധ്യാപികമാര്‍ നിര്‍വഹിച്ചു.

സ്റ്റഡി സെന്റര്‍ സോണല്‍ കോഡിനേറ്റര്‍ പി.ടി. അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു. സൈദലവി തൊടുപുഴ ഖിറാഅത്ത് നടത്തി. പാരഗണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ പങ്കെടുത്തു.