എഡിറ്റര്‍
എഡിറ്റര്‍
‘ഖുര്‍ആന്‍ എക്‌സ്‌പോ 2012’ ന് ഗംഭീര തുടക്കം
എഡിറ്റര്‍
Friday 15th June 2012 9:48pm

ജിദ്ദ: തനിമ നടത്തിവരുന്ന ‘ഖുര്‍ആന്‍ മാനവരാശിക്ക്’ ക്യാമ്പയിന്റെ ഭാഗമായി തനിമ ജിദ്ദ സൗത്ത് സോണ്‍ സംഘടിപ്പിക്കുന്ന എക്‌സിബിഷന്‍ ‘ഖുര്‍ആന്‍ എക്‌സ്‌പോ 2012’ ന് ഗംഭീര തുടക്കം. തിങ്ങിനിറഞ്ഞ പ്രദര്‍ശന ഹാളിനെ സാക്ഷിനിര്‍ത്തി സാഇയ്യ കാള്‍ & ഗൈഡന്‍സ് മാനേജര്‍ ശൈഖ് ഹസന്‍ അല്‍ഖഹ്ത്വാനി എക്‌സിബിഷന്‍ ഉല്‍ഘാടനം ചെയ്തു.

വിശുദ്ധ ഖുര്‍ആന്‍ പ്രമേയമാക്കി നടത്തുന്ന ഇത്തരം പ്രദര്‍ശനങ്ങളിലൂടെ അനാവൃതമായ ഇസ്ലാമിക പ്രബോധന രംഗത്തെ ആധുനിക ബോധന രീതി ഏറെ പ്രശംസയര്‍ഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.  നിരവധി വിജ്ഞാനീയങ്ങള്‍ സമന്വയിപ്പിച്ച് ഒരുക്കിയ ഖുര്‍ആന്റെ ദൃശ്യവിരുന്ന് അനേകം പ്രഭാഷണങ്ങളെക്കാള്‍ കരുത്ത് പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ശാസ്ത്രീയമായ ഇത്തരം പ്രബോധന ഉദ്യമങ്ങള്‍ക്ക് ദഅ്‌വ സെന്ററിന്റെ എല്ലാവിധ സഹായങ്ങളും ശൈഖ് ഹസന്‍ വാഗ്ദാനം ചെയ്തു.
സനാഇയ കാള്‍ & ഗൈഡന്‍സ് മലയാള വിഭാഗം മേധാവി അഹ്മദ് ഉണ്ണീന്‍, മുഹമ്മദ് ബാബക്കര്‍ (ദഅവ സെന്റര്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം ), മസ്ജിദ് റഹ്മ ഇമാമും ഖത്വീബുമായ ശൈഖ് ഉസ്മാന്‍, ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ വി.പി മുഹമ്മദലി, ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ എം.അബ്ദുറഹീം എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

തനിമ മുഖ്യ രക്ഷാധികാരി ജമാല്‍ ആലുവായ് അതിഥികള്‍ക്ക് ‘ഖുര്‍ആന്‍ എക്‌സ്‌പൊ 2012’ പരിചയപ്പെടുത്തി. ചടങ്ങില്‍ തനിമ ജിദ്ദ സൗത്ത് സോണ്‍ രക്ഷാധികാരി വി.എം. സഫറുള്ള അധ്യക്ഷതയ വഹിച്ചു. അബ്ദുല്‍ മുഇസ് മൂസ ഖിറാഅത്ത് നടത്തി.  ജമാല്‍ ആലുവായി സ്വാഗതവും മൂസക്കുട്ടി വെട്ടിക്കാട്ടിരി നന്ദിയും പറഞ്ഞു.

ഇസ്‌ലാമിക് ഫൈനാന്‍സ്,  പ്രവാചകന്‍മാര്‍ ഖുര്‍ആനില്‍,  ഖുര്‍ആനും ശാസ്ത്രവും,  ഖുര്‍ആനില്‍ പരാമര്‍ശിച്ച ജീവജാലങ്ങള്‍,  വീഡിയോ തിയേറ്റര്‍,  മുഅ്ജിസത്തുല്‍ ഖുര്‍ആന്‍, പരിസ്ഥിതി, മാനുഷിക ധാര്‍മികത, പ്രവാസം,  ഖുര്‍ആനിന്റെ തണലില്‍, സൗദി അറേബ്യയിലെ ചരിത്രസ്ഥലങ്ങള്‍, ഭക്ഷണക്രമവും ആരോഗ്യവും , ഖുര്‍ആന്‍ വിഭാവന ചെയ്ത സ്ത്രീ, ഭ്രൂണഹത്യ, ഹിജാബ് തുടങ്ങി വൈവിധ്യമാര്‍ന്നതും കൗതുകമുണര്‍ത്തുന്നതുമായ 20 ഓളം പഠന ഗവേഷണ സ്റ്റാളുകളാണ് എക്‌സിബിഷനില്‍ ഒരുക്കിയിട്ടുള്ളത്. സ്റ്റുഡന്‍സ് ഇന്ത്യ,  മലര്‍വാടി ബാല സംഘം തുടങ്ങിയ യൂണിറ്റുകളുടെ പ്രത്യേകം സ്റ്റാളുകളും പ്രദര്‍ശനത്തിന്റെ ഭാഗമായി തയാറാക്കിയിണ്ട്.

Advertisement