ലണ്ടന്‍: അമേരിക്കന്‍ നിയന്ത്രണത്തിലുള്ള ഭരണകൂടം തൂക്കിലേറ്റിയ ഇറാക്ക് മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ രക്തം കൊണ്ട് എഴുതിയ ഖുര്‍ ആന്‍ ബാഗ്ദാദിലെ ഒരു പള്ളിയില്‍ സൂക്ഷിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്.

സദ്ദാമിന്റെ രക്തം കൊണ്ടെഴുതിയ ഖുര്‍ ആന്‍ സുക്ഷിച്ചിരിക്കുന്നത് ഈ പള്ളിയിലെ ഭൂഗര്‍ഭ അറയിലാണ്. 1990 അവസാനമാണ് ഈ ഖുര്‍ ആന് വേണ്ടി രക്തം ശേഖരിക്കാന്‍ തുടങ്ങിയത്. രണ്ട് വര്‍ഷം കൊണ്ട് ഒരു നേഴ്‌സ് സദ്ദാമില്‍ നിന്നും ശേഖരിച്ച 27ലിറ്റര്‍ രക്തം ഉപയോഗിച്ചാണ് ഖുര്‍ ആന്‍ എഴുതിയത്.

ഇവിടെ സൂക്ഷിച്ചിരിക്കുന്നത് ലക്ഷക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന വസ്തുവാണ്. ഇങ്ങനെ ചെയ്യുന്നത് തെറ്റാണ്. രക്തം കൊണ്ട് എഴുതുന്നത് ഹറാമാണ്. സുന്നി തലവന്‍ ഷെയ്ക്ക് അഹമദ് അല്‍-സമറായി പറയുന്നു.

2006ല്‍ സദ്ദാമിനെ വധിച്ചപ്പോള്‍ അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ വസ്തുക്കളും നശിപ്പിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നു. ആ കാലത്ത് സമറായിയുടെ വീട്ടിലും ബന്ധുക്കളുടെ വീട്ടിലുമായാണ് ഈ ഖുര്‍ ആന്റെ താളുകള്‍ സൂക്ഷിച്ചിരുന്നത്.

ഖുര്‍ ആന്‍ സൂക്ഷിച്ചിരിക്കുന്ന ബാഗ്ദാദിലെ പള്ളിയുടെ ഭൂഗര്‍ഭ അറ മൂന്നുവര്‍ഷമായി പൂട്ടിയിട്ടിരിക്കുകയാണ്. പള്ളിക്ക് മൂന്നുവാതിലുകളാണുള്ളത്. ഇതിന്റെ താക്കോലുകള്‍ ഒന്ന് സമറായിയുടെ പക്കലും ഒന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ പക്കലും മൂന്നാമത്തേത് ബാഗ്ദാദിലെ മറ്റൊരു പ്രദേശത്തുമാണുള്ളത്.