മലയാളത്തില്‍ നായകന്‍, പ്രതിനായകന്‍, സഹനടന്‍ എന്നീ നിലകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച വിനീത് ഹിജഡ വേഷം ചെയ്യുന്നു. ഒരു ഹിന്ദി ചിത്രത്തിനുവേണ്ടിയാണ് വിനീത് ഹിജഡയാവുന്നത്.

വിനീതിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രമായ ‘ക്യൂന്‍സ് ഡെസ്റ്റിനി ഓഫ് ഡാന്‍സ്’ എന്ന ചിത്രത്തിലാണ് വിനീത് ഹിജഡ വേഷത്തിലെത്തുന്നത്. അര്‍ച്ചന ഗുപ്തയാണ് ചിത്രത്തിലെ നായിക.

സൂപ്പര്‍ഹിറ്റ് മലയാള ചിത്രം മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്കായ ഭൂല്‍ഭുലയ്യയായിരുന്നു വിനീതിന്റെ ആദ്യഹിന്ദി ചിത്രം. മണിച്ചിത്രത്താഴിലെ രാമനാഥന്‍ എന്ന കഥാപാത്രത്തിനാണ് വിനീത് ഹിന്ദിയില്‍ ജീവന്‍ നല്‍കിയത്.

ക്യൂന്‍സ് ഡെസ്റ്റിനി ഓഫ് ഡാന്‍സ് സംവിധാനം ചെയ്യുന്നത് ഡേവിസ് അസ്‌കിനാണ്. ഏറെ സാമൂഹിക പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഷൂട്ടിംങ് വര്‍ക്കുകള്‍ ജയ്പൂര്‍, മുംബൈ, എന്നിവിടങ്ങളിലായി ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്.

മലയാളത്തില്‍ ‘കാല്‍ചിലമ്പ്’, ‘ഐഡിയല്‍ കപ്പിള്‍’ തുടങ്ങിയ ചിത്രങ്ങളില്‍ വിനീത് പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചില തമിഴ് ചിത്രങ്ങളിലും വേഷമിട്ട വിനീത് തമിഴ് പ്രേക്ഷകര്‍ക്കും ഏറെ പ്രിയങ്കരനാണ്.