ന്യൂഡല്‍ഹി: ബോഫോഴ്‌സ് കേസിലെ പ്രതി ഒട്ടാവിയോ ക്വത്‌റോച്ചിക്കെതിരായ എല്ലാ കേസ് നടപടികളും അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യമാണ് ഇക്കാര്യം ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചത്.

Subscribe Us:

ക്വത്‌റോച്ചിയെ ഇന്ത്യയിലെത്തിക്കാന്‍ സി.ബി.ഐ പരാജയപ്പെട്ടെന്നും അഴിമതി വിരുദ്ധ നിയമപ്രകാരം ബൊഫോഴ്‌സ് പ്രശ്‌നത്തില്‍ കേസ് നിലവിലില്ലെന്ന ഡല്‍ഹി ഹൈക്കോടതി വിധിയും സുബ്രഹ്മണ്യം ചൂണ്ടിക്കാട്ടി. ക്വത്ത്‌റോച്ചിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കുന്ന കാര്യം കോടതിയെ അറിയിച്ചത്. ക്വത്‌റോച്ചിയെ ഇന്റര്‍പോളിനു പിടികിട്ടേണ്ട കുറ്റവാളിപ്പട്ടികയില്‍ നിന്നു നീക്കാന്‍ സി.ബി.ഐ ആവശ്യപ്പെട്ടതു നേരത്തെ വിവാദമായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ അറ്റോര്‍ണി ജനറല്‍ മിലന്‍ ബാനര്‍ജിയുടെ ഉപദേശപ്രകാരമാണു തങ്ങളുടെ നടപടിയെന്നു അന്ന് സി.ബി.ഐ വ്യക്തമാക്കിയിരുന്നു.

നടന്ന ബോഫോഴ്‌സ് ആയുധ ഇടപാടില്‍ നടന്ന അഴിമതി നടന്നുവെന്നു കാണിച്ച 1997 ല്‍ ഫയല്‍ചെയ്ത കേസാണിത്. ആയുധ ഇടപാടിന്റെ ഇടനിലക്കാരനെന്ന നിലയില്‍ ക്വത്ത്‌റോച്ചി 1.2 ബില്യണ്‍ ഡോളര്‍ കൈപ്പറ്റിയെന്നാണ് ആരോപണം. സ്വീഡനിലെ ആയുധ നിര്‍മ്മാണ കമ്പനിയായ ബോഫോഴ്‌സ് എ.ബിയില്‍നിന്ന് 1986 ല്‍ ഇന്ത്യന്‍ സൈന്യം ആയുധം വാങ്ങിയപ്പോള്‍ അഴിമതി നടന്നുവെന്നായിരുന്നു ആരോപണം.

ക്വത്‌റോക്കിയെ വിചാരണയ്ക്കു വിട്ടുകിട്ടണമെന്ന് അര്‍ജന്റീനയിലെ കോടതിയില്‍ 2003 ലും 2007 ലും സിബിഐ ഹര്‍ജി സമര്‍പ്പിച്ചിരുന്നെങ്കിലും തെളിവില്ലെന്ന കാരണത്താല്‍ അനുവദിച്ചില്ല. ബൊഫോഴ്‌സ് കേസില്‍ ഹിന്ദുജ സഹോദരന്മാരെ ഡല്‍ഹി ഹൈക്കോടതി നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു.

എട്ടു പേര്‍ പ്രതികളായിരുന്ന കേസില്‍ മൂന്നു പേര്‍ മരണപ്പെട്ടു. നാലു പേരെ ഡല്‍ഹി ഹൈക്കോടതി 2004 ല്‍ കുറ്റവിമുക്തരാക്കി. ക്വത്‌റോച്ചി 2002 ല്‍ മലേഷ്യയിലും 2007 ല്‍ അര്‍ജന്റീനയിലും പിടിയിലായപ്പോള്‍ വിട്ടുകിട്ടാന്‍ ഇന്ത്യ നടത്തിയ ശ്രമങ്ങള്‍ വിജയം കണ്ടിരുന്നില്ല.