എഡിറ്റര്‍
എഡിറ്റര്‍
വയനാട്ടിലെ കാട്ടുതീയ്ക്ക് പിന്നില്‍ കരിങ്കല്‍ ക്വാറി-റിസോട്ട് മാഫിയയെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍
എഡിറ്റര്‍
Thursday 27th March 2014 8:15am

wayanad-fire.480

വയനാട്: വയനാട്ടിലെ കാടുകത്തിയ്ക്കലിന് പിന്നില്‍ കരിങ്കല്‍ ക്വാറി-റിസോട്ട് മാഫിയയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും വകുപ്പ് ഉദ്യോഗസ്ഥരും ആരോപിച്ചു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നൂറ് കണക്കിന് ഏക്കര്‍ വനഭൂമി കൈയ്യേറിയവരാണ് കാടിന് തീവെച്ചതെന്നാണ് ആരോപണം.

ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കി വനത്തോട് ചേര്‍ന്ന് ജീവിയ്ക്കുന്നവരെ കുടിയിറക്കുമെന്ന് ഭീതി പരത്തിയാണ് വനം കത്തിച്ചതെന്നാണ് ആക്ഷേപം. കടുവ സങ്കേതം, രാത്രികാല വാഹന നിരോധനം എന്നിവയും ജനങ്ങളെ ഇളക്കാന്‍ ഉപയോഗപ്പെടുത്തി.

കാട് തീവെയ്ക്കുമെന്ന് ചില സംഘങ്ങള്‍ നേരത്തെ  ഭീഷണി മുഴക്കിയിരുന്നു. താമരശ്ശേരിയില്‍ വനം വകുപ്പ് ഓഫീസ് കത്തിച്ചിട്ടും സര്‍ക്കാര്‍ നടപടി എടുക്കാതിരുന്നത് ഇവര്‍ക്ക് ബലം നല്‍കിയെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. സര്‍ക്കാറിന്റെ ഇപ്പോഴത്തെ അലംഭാവം പ്രശ്‌നം കൂടുതല്‍ ഗുരുതരമാക്കുകയാണെന്നാണ് ഇവര്‍ ആരോപിയ്ക്കുന്നത്.

വനം കത്തിയ്ക്കലിന് പിന്നില്‍ ചില ഉന്നത രാഷ്ട്രീയ നേതാക്കളുടെ മൗനാനുവാദം ഉണ്ടെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ സംശയിക്കുന്നത്. കൂടാതെ ബിനാമി പേരില്‍ വനത്തിന് സമീപം ഭൂമി വാങ്ങിക്കൂട്ടിയ രാഷ്ട്രീയ നേതാക്കളുമുണ്ട്.

സംഭവത്തില്‍ വനപാലകസംഘത്തിന്റെയു പോലീസിന്റെയും അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സി.ബി.ഐയോ മറ്റ് നാഷണല്‍ ഏജന്‍സിയോ ഇത് അന്വേഷിയ്ക്കണമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നു.

20 കിലോമീറ്റര്‍ ചുറ്റളവിലുള്ള 1200ഓളം വനമേഖലയാണ് കത്തിനശിച്ചത്. നിരവിധി വന്യജീവികളും തീയില്‍ വെന്തെരിഞ്ഞു. ഒരേ സമയം തന്നെ പലയിടങ്ങളിലായി തീ പടര്‍ന്നത് സംഭവത്തില്‍ അസ്വാഭാവികതയുള്ളതായി തോന്നാനിടയാക്കിയിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടെ വയനാട്ടിലുണ്ടായ ഏറ്റവും വലിയ കാട്ടുതീയാണിതെന്ന് വനംവകുപ്പ് പറഞ്ഞിരുന്നു.

Advertisement