സാന്റിയാഗോ: മധ്യചിലിയില്‍ ടാല്‍കയ്ക്കു 32 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറ് ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. എന്നാല്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുള്ളതായും റോഡുകളില്‍ വാഹനാപകടങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. വലിയ തോതിലുള്ള നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്.

ഞായറാഴ്ച്ച രാത്രിയാണ് ഭൂകമ്പത്തിന് സമാനമായ രീതിയില്‍ ഭൂചലനമുണ്ടായത്. തലസ്ഥാനത്ത് വീടുകളില്‍ നിന്നും ആളുകള്‍ ഇറങ്ങിയോടി. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. അതേസമയം, തീരപ്രദേശങ്ങളിലുള്ളവര്‍ വീടൊഴിഞ്ഞു പോകണമെന്ന് നീര്‍ദേശം നല്‍കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ സജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

2010 ഫെബ്രുവരി 27ന് 8.8 തീവ്രതയില്‍ ചിലിയില്‍ ഉണ്ടായ ഭൂകമ്പത്തിലും സുനാമിയിലുംഅഞ്ഞൂറോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം ചെറുതും വലുതുമായ ഒട്ടേറെ ഭൂചലനങ്ങള്‍ ചിലിയിലുണ്ടായി.

ലോകത്ത് ഇതുവരെ രേഖപ്പെടുത്തപ്പെട്ടതില്‍ വെച്ച് ഏറ്റവും വലിയ ഭുകമ്പം ഉണ്ടായിട്ടുള്ളതും ചിലിയിലാണ്. 1960ല്‍ ഉണ്ടായ ആ ഭൂകമ്പത്തില്‍ രേഖപ്പെടുത്തിയ തീവ്രത 9.5 ആണ്.

Malayalam News

Kerala News in English