എഡിറ്റര്‍
എഡിറ്റര്‍
ഭൂകമ്പം, സുനാമി ഭീഷണി; കൂടംകുളത്തെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന ആണവോര്‍ജ്ജ വിരുദ്ധ പ്രവര്‍ത്തകര്‍
എഡിറ്റര്‍
Thursday 12th April 2012 4:13pm

ചെന്നൈ: കഴിഞ്ഞദിവസം ഇന്തോനേഷ്യയിലുണ്ടായ ശക്തമായ ഭൂകമ്പവും അതിനുപിന്നാലെ തമിഴ്‌നാട് തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചതും കൂടംകുളം ആണവനിലയം സുരക്ഷിതമല്ലയെന്ന സൂചനയാണ് നല്‍കുന്നതെന്ന് ആണവോര്‍ജ്ജ വിരുദ്ധ പ്രവര്‍ത്തകര്‍. ആണവനിലയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ഉടന്‍ നിര്‍ത്തിവെയ്ക്കണണം. പ്രകൃതി ദുരന്തങ്ങള്‍ മുന്നില്‍ കണ്ട് ആണവനിലയത്തിലുള്ള യുറേനിയം ഇന്ധനദണ്ഡ് എടുത്തുമാറ്റണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ഭൂകമ്പത്തെയും സുനാമിയെയും പ്രതിരോധിക്കാന്‍ പ്ലാന്റിനുശേഷിയുണ്ടെന്ന വാദം ഇവര്‍ തള്ളിക്കളഞ്ഞു. ബുധനാഴ്ച തമിഴ്‌നാട്ടിലുണ്ടായ ഭീതി സുനാമി ഭീഷണി സൂചിപ്പിക്കുന്നതാണ് സമരസമിതി പ്രവര്‍ത്തകന്‍ എസ്.പി ഉദയകുമാര്‍ പറഞ്ഞു.

‘നമ്മുടെ കിഴക്കന്‍ തീരങ്ങളില്‍ അപകടകരമായ ആണവനിലയങ്ങള്‍ സ്ഥാപിക്കുന്നത് എന്ത് അസംബന്ധമാണെന്ന് ഇതില്‍ നിന്നും മനസിലാക്കാം’ ഉദയകുമാര്‍ പറഞ്ഞു.

ആണവോര്‍ജ്ജ ഡിപ്പാര്‍ട്ട് നല്‍കിയ സുരക്ഷാ സര്‍ട്ടിഫിക്കറ്റും, അബ്ദുല്‍ കലാമിനെപ്പോലുള്ള ശാസ്ത്രജ്ഞന്‍മാരും, രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥന്‍മാരും നല്‍കിയ സുരക്ഷാ ഉറപ്പും വെറും പാഴ്‌വാക്കാണെന്നും അദ്ദേഹം പറഞ്ഞു.

കൂടംകുളം പ്രോജക്ടിനെ ബാധിക്കാനിടയുള്ള ജിയോളജി, ഹൈഡ്രോളജി, ഓഷ്യാനോളജി പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് പഠനവിധേയമാക്കണമെന്നും ആണവോര്‍ജ്ജ വിരുദ്ധ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. പ്രതിഷേധക്കാര്‍ക്കെതിരെ ഫയല്‍ ചെയ്ത കേസുകള്‍ എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്ന ആവശ്യവും ഇവിടെയുയരുന്നുണ്ട്.

അതിനിടെ നിലയത്തിനെതിരായ ഇടിന്തകരൈയില്‍ നടക്കുന്ന സമരത്തില്‍ ബുധനാഴ്ച സ്വാമി അഗ്നിവേശ് പങ്കാളിയായി.

Advertisement