ലണ്ടന്‍: മുപ്പത് വര്‍ഷത്തിനിടയില്‍ ആദ്യമായി ക്യു.പി.ആര്‍ ചെല്‍സിയയ്ക്ക്് മേല്‍ വിജയം നേടി. പ്രീമിയര്‍ ലീഗിലെ അവസാന സ്ഥാനക്കാരാണ് ക്യു.പി.ആര്‍. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ക്യു.പി.ആറിന്റെ വിജയം.

Ads By Google

രണ്ടാം പകുതിയിലായിരുന്നു ക്യു.പി.ആറിന്റെ ഗോള്‍ പിറന്നത്. റൈറ്റ് ഫിലിപ്‌സാണ് ക്യു.പി.ആറിന് വേണ്ടി ഗോള്‍ നേടിയത്. മികച്ച പ്രതിരോധന നിരയായിരുന്നു ക്യു.പി.ആറിന്റേത്. ആദ്യ പകുതിയില്‍ ഗോളടിക്കാന്‍ നിരവധി അവസരങ്ങള്‍ ചെല്‍സിയയ്ക്ക് ലഭിച്ചിരുന്നെങ്കിലും ക്യു.പി.ആറിന്റെ പ്രതിരോധത്തെ ചെറുക്കാന്‍ ചെല്‍സിയയ്ക്ക് ആയില്ല.

അപ്രതീക്ഷിത പരാജയത്തോടെ മൂന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താമെന്ന ചെല്‍സിയയുടെ പ്രതീക്ഷയാണ് അസ്ഥാനത്തായത്. 20 മത്സരങ്ങളില്‍ നിന്നായി 38 പോയിന്റുമായി നാലാം സ്ഥാനത്താണ് ചെല്‍സിയയുള്ളത്.

1983 ഏപ്രിലിലാണ് അവസാനമായി ക്യു.പി.ആര്‍ ചെല്‍സിയയെ പരാജയപ്പെടുത്തുന്നത്. അതേസമയം മറ്റൊരു മത്സരത്തില്‍ സണ്ടര്‍ലാന്റിനെതിരെ ലിവര്‍പൂള്‍ വിജയം കണ്ടു. ഏകപക്ഷീയമായി മൂന്ന് ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്റെ വിജയം.