എഡിറ്റര്‍
എഡിറ്റര്‍
‘മക്കയിലും ഖത്തറികള്‍ പീഡിപ്പിക്കപ്പെടുന്നു’ ഹറംപള്ളിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും സൗദി വിലക്കിയതായി ഖത്തര്‍ പൗരന്മാരുടെ പരാതി
എഡിറ്റര്‍
Sunday 11th June 2017 9:55am

ദോഹ: മക്കയിലെ ഹറം പള്ളിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും ഖത്തറില്‍ നിന്നുള്ള തീര്‍ത്ഥാടകരെ സൗദി അധികൃതര്‍ വിലക്കിയതായി പരാതി. ഇതുസംബന്ധിച്ച് ഖത്തര്‍ പൗരന്മാര്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയതായി ദോഹ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അല്‍ ഷാര്‍ഖ് പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു.

തീര്‍ത്ഥാടനത്തിനായി എത്തുന്ന ഖത്തര്‍ സ്വദേശികളെ സൗദി അധികൃതര്‍ പീഡിപ്പിക്കുകയും ഹറംപള്ളിയില്‍ പ്രവേശിക്കുന്നത് വിലക്കുകയും ചെയ്‌തെന്നാണ് പരാതി.


Also Read: വിവാദമായ സ്‌കൂള്‍ യൂണിഫോമിന്റെ ഫോട്ടോ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസ് 


മനുഷ്യാവകാശ കണ്‍വെന്‍ഷനുകള്‍ അനുവദിച്ച മതപരമായ ആചാരങ്ങള്‍ അനുഷ്ഠിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണിതെന്ന് ഖത്തറിലെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തലവനായ അലി ബിന്‍ സ്‌മെയ്ക്ക് അല്‍ മാരി അഭിപ്രായപ്പെട്ടു.

ഹറം പള്ളിയില്‍ പ്രവേശിക്കുന്നവരുടെ വംശീയത സൗദി അധികൃതര്‍ സാധാരണയായി ചോദ്യം ചെയ്യാറില്ലായിരുന്നു. എന്നാല്‍ ഖത്തറുമായുള്ള ബന്ധം അവസാനിപ്പിച്ചതിനു പിന്നാലെയാണ് ഇത്തരമൊരു പരിശോധന ആരംഭിച്ചതെന്നും മനുഷ്യാവകാശ കമ്മീഷന്‍ പറയുന്നു.

സമൂഹമാധ്യമങ്ങളില്‍ ഖത്തറിന് അനുകൂലമായ അഭിപ്രായ പ്രകടനം നടത്തുന്ന സൗദിസ്വദേശികള്‍ ശിക്ഷിക്കപ്പെടുമെന്ന വാര്‍ത്ത വന്നതിനു പിന്നാലെയാണ് ഈ സംഭവങ്ങളും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതെന്നാണ് ഖത്തറിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

ഖത്തറിനു മേലുള്ള ഉപരോധം എല്ലാ തലത്തിലും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സൗദിയുടെ നടപടിയെന്നാണ് ഖത്തറിലെ മാധ്യമങ്ങളുടെ വിലയിരുത്തല്‍.

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നു എന്നാരോപിച്ചാണ് സൗദി അറേബ്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചത്. തുടര്‍ന്ന് ഖത്തറിലേക്കുള്ള എല്ലാ ഗതാഗത മാര്‍ഗങ്ങളും അടച്ചിട്ട ഈ രാജ്യങ്ങള്‍ ഖത്തര്‍ പൗരന്മാര്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ തീവ്രവാദത്തിനെതിരെയുള്ള തങ്ങളുടെ നിലപാടുകള്‍ വളരെ ശക്തമാണെന്നാണ് ഖത്തര്‍ അവകാശപ്പെടുന്നത്. തീവ്രവാദികളുടെ അജണ്ടകളെ വെല്ലുവിളിക്കാന്‍ ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുകയും ആയിരക്കണക്കിന് സിറിയന്‍ പൗരന്മാര്‍ക്ക് വിദ്യാഭ്യാസം നല്‍കുകയും ചെയ്യുന്ന രാജ്യമാണിതെന്നും ഖത്തര്‍ അവകാശപ്പെടുന്നു.

Advertisement