ദോഹ: നാല് അറബ് രാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധമുണ്ടാക്കിയ നഷ്ടങ്ങള്‍ക്ക് പരിഹാരം നല്‍കണമെന്ന് ഖത്തര്‍. നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ ഒരു കമ്മിറ്റിയെ രൂപീകരിക്കുമെന്നും ഖത്തര്‍ സര്‍ക്കാര്‍ അറിയിച്ചു.

തീവ്രവാദത്തെ പിന്തുണയ്ക്കുന്നു എന്നാരോപിച്ചാണ് സൗദി അറേബ്യ, യു.എ.ഇ, ഈജിപ്തി, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള വ്യോമ, കര, കടല്‍ ഗതാഗത ബന്ധങ്ങള്‍ അവസാനിപ്പിച്ചത്. എന്നാല്‍ ഈ രാജ്യങ്ങളുടെ ആരോപണം തള്ളിയ ഖത്തര്‍ ഉപരോധം തങ്ങളുടെ പരമാധികാരത്തിനുമേലുള്ള കൈകടത്തലാണെന്ന് ആരോപിച്ചു.

നഷ്ടപരിഹാരം നിശ്ചയിക്കാന്‍ രൂപീകരിച്ച കമ്മിറ്റിസ്വകാര്യ കമ്പനികളുടെയും പൊതു സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പരാതികള്‍ പരിശോധിക്കുമെന്ന് ഖത്തറി പബ്ലിക് പ്രോസിക്യൂട്ടര് അലി അല്‍ മാരി പറഞ്ഞു.


Must Read: ദല്‍ഹി നിവാസികള്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ 52 പ്രധാന സര്‍ജറികള്‍ സൗജന്യമാക്കി അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍


നഷ്ടപരിഹാരം ലഭിക്കാന്‍ ആഭ്യന്തര, അന്താരാഷ്ട്ര സംവിധാനങ്ങളുടെ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു.

‘ഈ ഉപരോധം കാരണം നഷ്ടമുണ്ടായ ജനങ്ങളുണ്ട്. ബിസിനസ് സംരഭങ്ങളുണ്ട്. ബാങ്കുകളുമുണ്ട്. നഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കേണ്ടതുണ്ട്.’ അദ്ദേഹം പറഞ്ഞു.

ഖത്തര്‍ നിയമമന്ത്രിയും വിദേശകാര്യമന്ത്രിയുമുള്‍പ്പെടെ പുതിയ കമ്മിറ്റിയുടെ ഭാഗമാണ്.