എഡിറ്റര്‍
എഡിറ്റര്‍
റിക്രൂട്ട് സെന്ററുകളില്‍ ഖത്തര്‍ തൊഴില്‍ മന്ത്രാലയത്തിന്റെ പരിശോധന
എഡിറ്റര്‍
Monday 1st September 2014 5:30pm

qatar

ദോഹ: ഖത്തറില്‍ വീട്ടുജോലിയ്ക്കായി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന സര്‍വീസ് സെന്ററുകളില്‍ അടുത്ത മാസം മുതല്‍ വ്യാപക പരിശോധന ആരംഭിക്കുമെന്ന് തൊഴില്‍ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തൊഴിലാളികളെ കൊണ്ടുവരുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ പാലിച്ചാണോ സ്ഥാപനങ്ങള്‍ സര്‍വീസ് നടത്തുന്നതെന്ന് ഉറപ്പുവരുത്താനാണ് നടപടി.

രാജ്യത്ത് മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സര്‍വീസ് സെന്ററുകളുണ്ട്. എന്നാല്‍ അക്കൂട്ടത്തില്‍ തന്നെ തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നിഷേധിക്കുന്നവയുമുണ്ട്. ഇത് കണ്ടെത്താനാണ് മന്ത്രാലയം പരിശോധന ആരംഭിക്കുന്നത്.

തൊഴിലാളികളെ വിതരണം ചെയ്യുന്ന കമ്പനികളില്‍ പ്രത്യേകം പരിശോധന നടത്തും. തൊഴിലാളികളെ കൊണ്ടുവരുമ്പോള്‍ താല്‍ക്കാലികമായി താമസിപ്പിക്കുന്ന സ്ഥലം, അവര്‍ക്ക് നല്‍കുന്ന ശമ്പളം, ടിക്കറ്റ് അടക്കമുള്ള ആനുകൂല്യങ്ങള്‍ എല്ലാം പരിശോധന വിധേയമാക്കും. കമ്പനികള്‍ തങ്ങളുടെ പ്രവര്‍ത്തന രീതി, തങ്ങള്‍ക്ക് അനുവദിച്ച പ്രവര്‍ത്തന മേഖല, കമ്പനി പ്രവര്‍ത്തിക്കുന്ന ഓഫീസ്, ടെലഫോണ്‍ നമ്പറുകള്‍, ഇ-മെയില്‍ അഡ്രസ്സ് തുടങ്ങിയ വിശദ വിവരങ്ങള്‍ തൊഴില്‍ വകുപ്പിന് ക്യത്യമായി നല്‍കണം. കമ്പനിയുമായി വകുപ്പിന് ബന്ധപ്പെടുന്നതിനാണിത്.

കമ്പനിയുടെ പുതുക്കിയ വിവരങ്ങള്‍ നല്‍കുന്നതിന് തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രത്യേകം ഫോറം ലഭ്യമാണ്. അത് ക്യത്യമായി പൂരിപ്പിച്ച് നല്‍കുകയാണ് വേണ്ടത്. ഇത്തരം വിവിരങ്ങള്‍ നല്‍കുന്നത് താമസിപ്പിക്കുന്നത് നിയമലംഘനമായി കണ്ട് നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

തൊഴിലാളികളില്‍ നിന്ന് മന്ത്രാലയത്തിന് സര്‍വീസ് സെന്ററുകളെ സംബന്ധിച്ച് എന്തെങ്കിലും പരാതികള്‍ ലഭിച്ചാല്‍ മൂന്ന് ദിവസത്തിനകം നടപടി എടുത്തിരിക്കും. തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കുന്ന ഏതെങ്കിലും നടപടി തൊഴിലുടമയില്‍ നിന്നുണ്ടാകാന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പാണ് മന്ത്രാലയം നല്‍കുന്നത്.

Advertisement