ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ ഉടന്‍ തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ മറ്റൊരു തെഹ്‌രീര്‍ സ്‌ക്വയര്‍ പ്രക്ഷോഭം ആവര്‍ത്തിക്കുമെന്ന് പാക്കിസ്ഥാന്‍-കനേഡിയന്‍ രാഷ്ട്രീയ നേതാവ് താഹിര്‍ ഉല്‍ ഖാദിരി.

Ads By Google

ഇന്ന് 11.30 ഓടെ പാക് സര്‍ക്കാര്‍ പുറത്തിറങ്ങിയില്ലെങ്കി്ല്‍ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പാക്കിസ്ഥാനിലെ ജനകീയ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് നടത്തി മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എട്ട് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചാണ് താഹിര്‍ ഖാദിരി പാക്കിസ്ഥാനില്‍ തിരിച്ചെത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം അവസാനത്തോടെയാണ് ഖാദിരി പാക്കിസ്ഥാനില്‍ തിരിച്ചെത്തിയത്. രാജ്യത്തെ സര്‍ക്കാര്‍ ജനദ്രോഹ നടപടികളിലും അഴിമതിയിലും മുങ്ങിയിരിക്കുകയാണെന്നും ഇതിനെതിരെ പ്രതിഷേധം ആഹ്വാനം ചെയ്തുമാണ് ഖാദിരിയുടെ രംഗപ്രവേശം.

സര്‍ക്കാര്‍ ഉടന്‍ രാജിവെക്കണമെന്നതാണ് ഖാദിരിയുടെ പ്രധാന ആവശ്യം. ജനുവരി 10 ആയിരുന്നു ഖാദിരി സര്‍ക്കാറിന് നല്‍കിയ അവസാന തീയ്യതി. ഈ വര്‍ഷം മെയ്ക്ക് മുമ്പായി പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നും ഖാദിരി ആവശ്യപ്പെടുന്നു.

അതേസമയം, രാജ്യത്തെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ഖാദിരി നടത്തുന്ന ബഹുജന മാര്‍ച്ചിനോട് ജനങ്ങള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമാണുള്ളത്. നീണ്ട ഇടവേളയ്ക്ക് ശേഷം പാക്കിസ്ഥാനില്‍ തിരിച്ചെത്തിയ ഖാദിരിക്ക് ലഭിക്കുന്ന ധനസഹായത്തെ കുറിച്ചും സംശയമുയരുന്നുണ്ട്.

കൂടാതെ കോടതിയും പട്ടാളവുമായിരിക്കും ഇടക്കാല സര്‍ക്കാറിന്റെ പ്രവര്‍ത്തനം നിശ്ചയിക്കുക എന്ന ഖാദിരിയുടെ പ്രസ്താവനയും വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്. ഖാദിരി പട്ടാളത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നയാണെന്നാണ് പ്രധാന ആരോപണം.