എഡിറ്റര്‍
എഡിറ്റര്‍
മകാവു ഓപ്പണ്‍: സിന്ധു സെമിയില്‍
എഡിറ്റര്‍
Saturday 30th November 2013 9:35am

PV-Sindhu

മകാവു: ഇന്ത്യയുടെ പി.വി സിന്ധു മകാവു ഓപ്പണ്‍ ഗ്രാന്‍പ്രീ ഗോള്‍ഡ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് സെമിഫൈനലിലെത്തി. ഹോങ്കോങിന്റെ സാ കാ ചാനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു സെമിയില്‍ കടന്നത്.

29 മിനിറ്റ് മാത്രം നീണ്ട് നിന്ന മത്സരത്തില്‍ 21-17, 21-12 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം. ആദ്യ സെറ്റില്‍ തുടര്‍ച്ചയായ 4 പോയന്റുകള്‍ നേടി സിന്ധു 4-0 എന്ന സ്‌കോറിലേക്ക് നീങ്ങി.

തിരിച്ചടിച്ച ഹോങ്കോങ് താരം 17-15 എന്ന നിലയില്‍ ലീഡ് നേടി. എന്നാല്‍ തുടര്‍ച്ചയായി ആറ് പോയന്റുകള്‍ നേടിയ സിന്ധു 21-17 എന്ന നിലയ്ക്ക് ആദ്യ സെറ്റ് സ്വന്തമാക്കി.

ആദ്യ സെറ്റിനെ അപേക്ഷിച്ച് രണ്ടാം സെറ്റ് ഇന്ത്യന്‍ താരത്തിന് ഏറെക്കുറെ എളുപ്പമായിരുന്നു. ബ്രേക്കിന് മുമ്പ് 11-7 ന് മുന്നിട്ട് നിന്ന സിന്ധു ഏറെ വിയര്‍പ്പൊഴുക്കാതെ 21-12 ന് സെറ്റും ഗെയിമും സ്വന്തമാക്കി. സെമിയില്‍ ചൈനയുടെ ക്വിന്‍ ജിന്‍ജിങ്ങാണ് സിന്ധുവിന്റെ എതിരാളി.

ചാമ്പ്യന്‍ഷിപ്പിലെ ടോപ് സീഡാണ് സിന്ധു. ടൂര്‍ണ്ണമെന്റിലെ അവശേഷിക്കുന്ന ഏക ഇന്ത്യന്‍ താരമാണ് ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവായ സിന്ധു. ആദ്യ സെറ്റില്‍ അട്ടിമറി ജയം സ്വന്തമാക്കിയ മലയാളി താരം തുളസി കഴിഞ്ഞ ദിവസം രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്തായിരുന്നു.

Advertisement