മോസ്‌കോ: വ്‌ലാഡിമിര്‍ പുടിന്‍ റഷ്യന്‍ പ്രസിഡന്റായി തിരിച്ചുവരവിനൊരുങ്ങുന്നു. 2012 മാര്‍ച്ചിലെ തിരഞെടുപ്പിലാണ് മുന്‍ പ്രസിഡന്റും ഇപ്പോള്‍ പ്രധാനമന്ത്രിയുമായ പുടിന്‍ മത്സരിക്കുക. പ്രധാനമന്ത്രി  വ്‌ലാഡിമിര്‍ പുടിന്‍ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കണമെന്നു റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വദേവ് തന്നെയാണ് നിര്‍ദേശിച്ചത്. നാമനിര്‍ദേശം നല്‍കികൊണ്ടുളള മെദ്വദേവിന്റെ നിര്‍ദേശം പുടിന്‍ സ്വീകരിച്ചതോടെ ഏറെ നാളായി നിലനിന്നിരുന്ന അഭ്യൂഹങ്ങള്‍ക്ക് അറുതിയാവുകയായിരുന്നു.

രണ്ടു തവണ പ്രസിഡന്റായ പുടിന്‍ മൂന്നാം തവണ മത്സരിക്കുന്നതിനു നിയമ വിലക്കുള്ളതിനാല്‍ കഴിഞ്ഞ തെരഞ്ഞടുപ്പില്‍ മത്സിരിച്ചില്ല. ആ ഒഴിവിലാണു മെദ്വദേവ് പ്രസിഡന്റായത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മെദ്വദേവ് രണ്ടാം തവണയും മത്സരിച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

റഷ്യന്‍ അധോസഭയായ ഡ്യൂമയിലേക്ക് ഡിസംബര്‍ നാലിനു നടക്കുന്ന തെരഞ്ഞെടുപ്പില്‍ മെദ്വദേവ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പാര്‍ട്ടിയെ നയിക്കണമെന്ന് പുടിന്‍ നിര്‍ദേശിച്ചിരുന്നു. നിര്‍ദേശം മെദ്വദേവും അംഗീകരിച്ചിരുന്നു.

റഷ്യയിലെ ഏറ്റവും ജനപ്രിയ നേതാവായ പുടിന്‍ തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടുമെന്നാണ് അഭിപ്രായ സര്‍വേകള്‍ നല്‍കുന്ന സൂചന. മെദ്വദേവിനെക്കാള്‍ യാഥാസ്ഥിതികനായാണ് പുടിന്‍ അറിയപ്പെടുന്നത്.

നാലു വര്‍ഷമായിരുന്നു റഷ്യന്‍ പ്രസിഡന്റിന്റെ കാലാവധി. രണ്ടു ഘട്ടങ്ങളിലായി എട്ടുവര്‍ഷം റഷ്യന്‍ പ്രസിഡന്റായിരുന്ന പുടിന്‍ വീണ്ടും ആ പദവിയില്‍ തുടരാന്‍ ഭരണഘടന അനുവദിക്കാതിരുന്നതിനാലാണ് സ്ഥാനമൊഴിഞ്ഞത്. തുടര്‍ന്ന് അധികാരത്തിലെത്തിയ മെദ്വദേവ് പ്രസിഡന്റിന്റെ കാലാവധി ആറു വര്‍ഷമായും രണ്ടുതവണയായി 12 വര്‍ഷം തുടരാമെന്നുമുള്ള ഭരണഘടന ഭേദഗതി കൊണ്ടുവന്നു. ഡ്യൂമയുടെ കാലാവധി അഞ്ചു വര്‍ഷമായും വര്‍ധിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയായിരുന്നെങ്കിലും രാജ്യ ഭരണത്തിന്റെ കടിഞ്ഞാണ്‍ പുടിന്റെ കൈയിലായിരുന്നു.