എഡിറ്റര്‍
എഡിറ്റര്‍
മന്ത്രി മേഴ്‌സിക്കുട്ടിയമ്മ നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ല; പുതുവൈപ്പില്‍ പൊലീസ് സുരക്ഷയില്‍ വീണ്ടും നിര്‍മാണം തുടങ്ങി
എഡിറ്റര്‍
Sunday 18th June 2017 10:10am

കൊച്ചി: ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അന്തിമ വിധി വരുംവരെ പുതുവൈപ്പില്‍ യാതൊരു നിര്‍മാണ പ്രവൃത്തിയും തുടങ്ങില്ലെന്ന തരത്തില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ സമരക്കാര്‍ക്ക് നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടു. പ്രദേശത്ത് ഇന്നുരാവിലെ മുതല്‍ നിര്‍മാണ പ്രവൃത്തികള്‍ പുനരാരംഭിച്ചു. പൊലീസ് സുരക്ഷയിലാണ് നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്.

നിര്‍മാണം തുടരാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സമരക്കാര്‍. പ്ലാന്റ് നിര്‍മാണം പുനരാരംഭിച്ചതറിഞ്ഞു പ്രകോപിതരായ നാട്ടുകാര്‍ പ്രദേശത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. സ്ഥലത്ത് സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുകയാണ്.


Must Read: പുതുവൈപ്പിനിലെ നരനായാട്ടില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയ്ക്ക് കത്ത്; കത്തില്‍ ഒപ്പു വെച്ചത് മേധാ പട്കര്‍, അരുണാ റോയ് തുടങ്ങി നിരവധി പേര്‍


ഐ.ഒ.സി പ്ലാന്റിനെതിരെയുളള സമരത്തിന്റെ ഭാഗമായി വെള്ളിയാഴ്ച ഹൈക്കോടതി ജങ്ഷനില്‍ പ്രതിഷേധവുമായെത്തിയ സമരക്കാരെ പൊലീസ് മര്‍ദ്ദിക്കുകയും സ്ത്രീകളും കുട്ടികളും അടക്കം മൂന്നൂറിലേറെ പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ നിന്നും വിട്ടുപോകാന്‍ സമരക്കാര്‍ തയ്യാറാവാതിരുന്നതോടെയാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നത്.

ഐ.ഒ.സി പ്ലാന്റുമായി ബന്ധപ്പെട്ട ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അന്തിമവിധി വരുംവരെ പ്രദേശത്തെ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെക്കണം എന്നതായിരുന്നു ചര്‍ച്ചയില്‍ സമരക്കാര്‍ ഉയര്‍ത്തിയ പ്രധാന ആവശ്യം. ഇത് അംഗീകരിച്ച മന്ത്രി നിര്‍മാണം നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം നല്‍കുമെന്നും ഇക്കാര്യം ജില്ലാ കലക്ടറെ അറിയിക്കുമെന്നും സമരക്കാര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു.

എന്നാല്‍ ഈ ഉറപ്പാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. പൊലീസിന്റെ സുരക്ഷയില്‍ ജില്ലാ കലക്ടറുടെ അനുമതിയോടുകൂടിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് സമരക്കാര്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.

കടലോരത്തിന്റെ നൂറു കിലോമീറ്ററിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നത് ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തിട്ടുണ്ട്. ദേശീയ വനംപരിസ്ഥിതി മന്ത്രാലയവും ഇക്കാര്യത്തിന് അനുമതി നല്‍കിയിട്ടില്ല. എന്നിരിക്കെ ഇവിടെ നടക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ നിയമവിരുദ്ധമാണെന്നും ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് പൊലീസും ജില്ലാ ഭരണകൂടവും കൂട്ടുനില്‍ക്കുന്നതെന്നും സമരസമിതി പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

Advertisement